Middlepiece

സംഘപരിവാരത്തിന്റെ ശിഖണ്ഡി യുദ്ധങ്ങള്‍

സംഘപരിവാരത്തിന്റെ ശിഖണ്ഡി യുദ്ധങ്ങള്‍
X


യുദ്ധം തുടങ്ങിക്കഴിഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും 21 മാസം ബാക്കിയുണ്ടെങ്കിലും ഇന്ദ്രപുരിയില്‍ സംഘപരിവാര ഭടജനം തന്നെ ഇപ്പോള്‍ രണ്ടു ചേരിയായി പൊരിഞ്ഞ യുദ്ധത്തിനു തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ ഏകാകിയായി രംഗത്തിറങ്ങിയിരിക്കുന്നത് പഴയ പടക്കുതിര യശ്വന്ത് സിന്‍ഹയാണ്. പക്ഷേ, സിന്‍ഹയ്ക്കു പിന്നില്‍ അഡ്വാനിയുടെയും മുരളീമനോഹര്‍ ജോഷിയുടെയും ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെയും നിഴല്‍ ദര്‍ശിക്കുന്നവര്‍ അപൂര്‍വമല്ല. അവര്‍ കാണുന്നത് വെറും മായക്കാഴ്ചയാണെന്നു പറഞ്ഞു തള്ളാനും വയ്യ. കാര്യങ്ങളുടെ കിടപ്പ് ഇവ്വിധമാവുമെന്ന് മോദിയുടെ പോക്ക് കാണുന്ന ആര്‍ക്കും സങ്കല്‍പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പിഞ്ഞാണക്കടയില്‍ കേറിയ കാളക്കൂറ്റനെപ്പറ്റി നാട്ടുകാര്‍ പറയുന്ന ചൊല്ലുപോലെയാണ് മോദിയും സംഘവും ഭരണം തുടങ്ങിയത്. അടിച്ചങ്ങു തകര്‍ക്കുകയായിരുന്നു. ഓതിരംകടകം പൊരിഞ്ഞ അടി. ഇപ്പോള്‍ അടി മൂത്ത് തമ്മിലടിയായി. ആര് ആര്‍ക്കു പാരവയ്ക്കുന്നുവെന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. മൊത്തം പുക മൂടിക്കിടക്കുകയാണ് തലസ്ഥാനത്തും രാഷ്ട്രീയമണ്ഡലത്തിലും. പുകയും പൊല്യൂഷനുമാണ് ഇപ്പോഴത്തെ രാഷ്ട്രീയ യാഥാര്‍ഥ്യം. യശ്വന്ത് സിന്‍ഹ വാജ്‌പേയി ഭരണത്തില്‍ ധനമന്ത്രിയായിരുന്ന ആളാണ്. അക്കാലത്തു ബിജെപിയുടെ സാമ്പത്തിക നയരൂപീകരണത്തില്‍ വലിയ പങ്കുവഹിച്ചയാള്‍. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം 2004ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉയര്‍ത്താന്‍ തോന്നുംവിധം സാമ്പത്തികരംഗത്ത് ചില നേട്ടങ്ങള്‍ ഉണ്ടാക്കിയ വ്യക്തി. വളര്‍ച്ചാനിരക്കും മോശമായിരുന്നില്ല. പിന്നീടു വന്ന മന്‍മോഹന്‍ സര്‍ക്കാരിന് ഒരു വന്‍ കുതിപ്പിന് അടിത്തറയൊരുക്കിയത് യശ്വന്ത് സിന്‍ഹയുടെ കാലത്താണ് എന്ന കാര്യം തര്‍ക്കവിഷയമല്ല. സിന്‍ഹയെ തഴഞ്ഞാണ് മോദി  ജെയ്റ്റ്‌ലിയെ ധനമന്ത്രാലയത്തില്‍ കൊണ്ടുവന്നത്. സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹയെ പിടിച്ച് അതേ മന്ത്രാലയത്തില്‍ ജൂനിയര്‍ മന്ത്രിയുമാക്കി. മൂത്ത സിന്‍ഹയാവട്ടെ, പാര്‍ട്ടിയുടെ മാര്‍ഗദര്‍ശക മണ്ഡലത്തില്‍ അഡ്വാനിയുടെയും ജോഷിയുടെയും ഒപ്പം മുക്കിലിരുത്തപ്പെട്ടു. മുന്‍ ധനകാര്യമന്ത്രിക്ക് ഇപ്പോഴത്തെ ധനകാര്യമന്ത്രിയോടും തിരിച്ചും യാതൊരു മതിപ്പുമില്ലെന്നു വ്യക്തം. അത് സ്വാഭാവികവുമാണല്ലോ. പക്ഷേ, സംഗതി കത്തിക്കാളിയത് സാമ്പത്തികരംഗത്ത് മോദി സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാന്‍ വയ്യാത്തവിധം വ്യക്തമായതോടെയാണ്. വളര്‍ച്ചാനിരക്ക് കുത്തനെ കുറഞ്ഞതും തൊഴിലില്ലായ്മ ആകാശം മുട്ടിയതും ബാങ്കുകളുടെ കിട്ടാക്കടം ഹിമാലയം പോലെ വളര്‍ന്നതും കാര്‍ഷിക മേഖല സഹാറാ മരുഭൂമിപോലെയായതും ജിഎസ്ടി നടപ്പാക്കല്‍ ആകെ കുളമായതും റിസര്‍വ് ബാങ്ക് നോക്കുകുത്തിയായതും കയറ്റുമതി ഇടിഞ്ഞതുമൊക്കെ സാമ്പത്തികരംഗത്തെ തകര്‍ച്ചയുടെ ചില വശങ്ങള്‍ മാത്രം. പ്രധാന കാര്യം, സാമ്പത്തികരംഗത്ത് കൃത്യമായും ശക്തമായും നടപടി സ്വീകരിക്കാന്‍ ഒരു സംവിധാനവും ഈ സര്‍ക്കാരിന് ഉണ്ടായിരുന്നില്ല എന്നതാണ്. അങ്ങനെ സംഭവിക്കാന്‍ കാരണം ജെയ്റ്റ്‌ലിയല്ല, മോദിയാണ് എന്നത് പരസ്യമായ രഹസ്യവുമാണ്. സാമ്പത്തികരംഗത്തെ പൂഴിക്കടകന്‍ അടികള്‍ മോദി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത്. അതില്‍ ഏറ്റവും വലിയ ബൂമറാങായത് നോട്ട് നിരോധനം തന്നെ. കൊല്ലം ഒന്നാവുമ്പോഴും അതിന്റെ ആഘാതത്തില്‍ നിന്നു നാടും നാട്ടുകാരും രക്ഷപ്പെട്ടിട്ടില്ല.മോദിയെ രക്ഷിക്കാന്‍ അവസാനം കുറ്റമെല്ലാം ജെയ്റ്റ്‌ലി ഏറ്റെടുക്കേണ്ടിവന്നു. വാസ്തവത്തില്‍, സംഭവത്തിന്റെ തുടക്കത്തില്‍ ധനമന്ത്രി ഒരു കാര്യവും അറിഞ്ഞിരുന്നില്ല എന്നാണ് കേള്‍ക്കുന്നത്. എന്നാലും ജെയ്റ്റ്‌ലി ഉത്തരവാദിത്തം ഏറ്റു. മോദിയെ അമ്പുകൊള്ളുന്നതില്‍ നിന്നു രക്ഷിക്കാന്‍ ശിഖണ്ഡി വേഷമാണ് ജെയ്റ്റ്‌ലി എടുത്തണിഞ്ഞത്. അതല്ലാതെ ജെയ്റ്റ്‌ലിക്ക് വേറെ വഴിയുമില്ല. ആള്‍ പരമ ബുദ്ധിമാനാണ്; യോഗ്യനാണ്. പക്ഷേ, നാളിതുവരെ ഒരു തിരഞ്ഞെടുപ്പിലും മല്‍സരിച്ചു ജയിച്ചിട്ടില്ല. കാല്‍നൂറ്റാണ്ടായി പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമാണ്. ആദ്യമായി 2014ലാണ് തിരഞ്ഞെടുപ്പിനു നിന്നത്. ബിജെപി തരംഗം ആഞ്ഞടിച്ചിട്ടും അമൃത്‌സറില്‍ പുള്ളിക്കാരന്‍ തോറ്റമ്പി. എന്നിട്ടും ധനകാര്യവും പ്രതിരോധവും അടക്കം എടുത്താല്‍ പൊന്താത്ത അത്രയും വകുപ്പുകളാണ് മോദി ജെയ്റ്റ്‌ലിയെ ഏല്‍പിച്ചത്. വിശ്വസ്തന്‍; തിരിച്ചടിക്കാന്‍ ശേഷിയില്ല. പ്രധാനമന്ത്രിക്കസേരയ്ക്ക് യാതൊരു ഭീഷണിയുമില്ല. അതിനാല്‍, ഇപ്പോഴത്തെ പോര് യഥാര്‍ഥത്തില്‍ ജെയ്റ്റ്‌ലിയുടെ ശിഖണ്ഡിവേഷത്തിന് എതിരായല്ല. അതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന വില്ലാളിവീരനെ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് വീഴ്ത്താന്‍ തന്നെയാണ് പരിവാരപ്പടയുടെ ഒരു പക്ഷത്തിന്റെ നീക്കം.
Next Story

RELATED STORIES

Share it