Editorial

സംഘപരിവാരത്തിന്റെ നുണഘോഷയാത്ര



പലതവണ മാറ്റിവച്ചശേഷം അവസാനം ബിജെപിയുടെ ജനരക്ഷാ യാത്ര പയ്യന്നൂരില്‍ നിന്നു പുറപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ജാഥ ഉദ്ഘാടനം ചെയ്യുക മാത്രമല്ല, ആദ്യദിവസങ്ങളില്‍ കൂടെ സഞ്ചരിക്കുമെന്നുമാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.നന്നായി. ജാഥ നയിക്കാന്‍ നിയുക്തനായ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൂട്ടായി അമിത് ഷാ ഉണ്ടാവുന്നത് നല്ലതാണ്. കാരണം, ജനരക്ഷാ യാത്ര കേരളത്തിലെ ഗ്രാമാന്തരങ്ങളിലൂടെ മുന്നേറുമ്പോള്‍ സാധാരണ മലയാളികള്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെന്നിരിക്കും. അവയ്ക്കു നേരേ ചൊവ്വേ ഉത്തരം പറയാന്‍ കുമ്മനത്തിനു ബുദ്ധിമുട്ട് കാണും. അതുകൊണ്ടാണല്ലോ കഴിഞ്ഞ മാസം തുടങ്ങുമെന്നു പറഞ്ഞ ജാഥ പിന്നീട് അവര്‍ തന്നെ മാറ്റിവച്ചത്. അമിത് ഷായ്ക്ക് അത്തരം പ്രശ്‌നങ്ങളില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി കേരളത്തെ ജിഹാദി ഭീകരതയുടെയും കമ്മ്യൂണിസ്റ്റ് ഭീകരതയുടെയും നാടായി വര്‍ണിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അജണ്ട.എന്നാല്‍ എത്രനാള്‍ അവര്‍ക്കു നുണപ്രചാരണം മാത്രമായി മുന്നോട്ടുപോവാന്‍ കഴിയും? എവിടെയാണ് അവര്‍ പറയുന്ന ജിഹാദി ഭീകരത കേരളത്തില്‍ കാണപ്പെടുന്നത്? കേരളത്തില്‍ നിന്നു നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നെന്നും സിറിയയിലെത്തി എന്നുമൊക്കെയാണ് അവര്‍ പറഞ്ഞുപരത്തുന്നത്. ആരാണ് ഈ യുവാക്കള്‍? എങ്ങനെയാണ് അവര്‍ നാടു വിട്ടത്? ഏതുതരത്തിലുള്ള ക്രിമിനല്‍ കേസുകളാണ് അവര്‍ക്കെതിരേയുള്ളത്? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. കാരണം എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ക്ക് ഈ പുകമറയ്ക്കപ്പുറം എന്തെങ്കിലും വസ്തുതകളുണ്ടെന്ന് കണ്ടെത്താനോ തെളിയിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.രണ്ടാമത്, കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കാര്യം. അതിനെതിരേ രാജ്യമെങ്ങും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. കമ്മ്യൂണിസ്റ്റുകളും ആര്‍എസ്എസുകാരും തമ്മില്‍ കേരളത്തില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട് എന്നും അവര്‍ പരസ്പരം വെട്ടിയും കൊന്നും നിരവധി പേര്‍ക്കു ജീവഹാനി ഉണ്ടായിട്ടുണ്ട് എന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ആരാണ് അതിന് ഉത്തരവാദി? കേരളത്തില്‍ ക്രമസമാധാനം തകര്‍ക്കുന്നതിലും ജനങ്ങളുടെ സൈ്വരജീവിതം ഇല്ലായ്മ ചെയ്യുന്നതിലും ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നാണോ അവകാശവാദം? യഥാര്‍ഥത്തില്‍ കേരളത്തില്‍ സംഘപരിവാരത്തിന്റെ ഭീഷണിയും ആക്രമണങ്ങളും നേരിടേണ്ടിവന്നത് കമ്മ്യൂണിസ്റ്റുകള്‍ മാത്രമല്ല. സമാധാനപ്രിയരായ സകല ജനങ്ങള്‍ക്കും ഭീഷണിയായാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട്ടെ റിയാസ് മൗലവി വധം മുതല്‍ കൊടിഞ്ഞി ഫൈസല്‍ വധം വരെ എത്രയോ നിരപരാധികളുടെ ചോര കൊണ്ട് പങ്കിലമാണ് തങ്ങളുടെ കൈകളെന്ന് ആര്‍എസ്എസ് നേതൃത്വം മനസ്സിലാക്കണം.അവര്‍ പക്ഷേ, വസ്തുതകളെ മാനിക്കുന്നവരല്ല. നുണപ്രചാരണങ്ങളും വിഷലിപ്തമായ വര്‍ഗീയതയുമാണ് അവരുടെ ആവനാഴിയിലെ ആയുധങ്ങള്‍. ജനവിരുദ്ധമായ നയങ്ങള്‍ കൊണ്ട് കേന്ദ്രത്തിലെ തങ്ങളുടെ ഭരണം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വര്‍ഗീയധ്രുവീകരണം നടത്തി കാര്യം നേടാം എന്നാണ് അവരുടെ മനസ്സിലിരിപ്പ്.
Next Story

RELATED STORIES

Share it