സംഘപരിവാരത്തിന്റെ നടത്തിപ്പുകാരനായ വെള്ളാപ്പള്ളി സ്ഥാനമൊഴിയണം: സുധീരന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം എന്തൊക്കെ മഹത്തായ ആശയങ്ങള്‍ മുന്നോട്ട് വച്ചിരുന്നുവോ, അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാരത്തിന്റെ നടത്തിപ്പുകാരനായ വെള്ളാപ്പള്ളിക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളോട് ആദരവുണ്ടെങ്കില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ വെള്ളാപ്പള്ളി തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ആര്‍ ശങ്കര്‍ കേരളത്തിന്റെ പൊതുസ്വത്താണ്. സംഘപരിവാര്‍ - വെള്ളാപ്പള്ളി കൂട്ടുകെട്ട് ആര്‍ ശങ്കറിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ആര്‍ ശങ്കറിന്റെ മഹത്തായ പൈതൃകം തട്ടിയെടുക്കാനുള്ള സംഘപരിവാര - വെള്ളാപ്പള്ളി ഗൂഢശ്രമത്തിനെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് നടക്കുന്ന നാളെ ഉച്ചക്ക് 2.45 മുതല്‍ 3.30 വരെ തിരുവനന്തപുരത്തെ ആര്‍ ശങ്കറിന്റെ പ്രതിമയ്ക്ക് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രാര്‍ഥനാ സംഗമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും എസ്എന്‍ഡിപിയുടെ ആവശ്യം മാനിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തതാണ്. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെ സ്വകാര്യ പരിപാടിയെന്ന് വിശേഷിപ്പിക്കുന്നത് നിരര്‍ഥകമാണ്. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് ആരു നടത്തിയാലും നല്ലതാണ്. അത് എല്ലാവരും ചേര്‍ന്നു നടത്തുമ്പോഴാണ് അര്‍ഥവത്താവുന്നത്. അതല്ലാതെ തികഞ്ഞ സങ്കുചിത കാഴ്ചപ്പാടോടെ മറ്റാര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കുക, ക്ഷണിച്ചവരോട് തന്നെ വരരുതെന്ന് പറയുക എന്നതൊക്കെ തികഞ്ഞ അനൗചിത്യമാണ്. ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ആര്‍ ശങ്കര്‍ ഒരിക്കലും വര്‍ഗീയ ശക്തികളെ താലോലിച്ചിട്ടില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരു സന്ദേശത്തെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഇത്തരത്തിലുള്ള വ്യക്തിയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കം ആദ്ദേഹത്തിന്റെ സ്മരണയോടുള്ള അനാദരവാണ്. വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാരത്തിന്റെ അടിമയും ചലിക്കുന്ന പാവയുമായി മാറി. തന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തിയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിക്ക് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടോയെന്ന കാര്യം അന്വേഷണ വിധേയമാക്കണം. സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്ത് വരുമെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it