സംഘപരിവാരത്തിനെതിരായ നടപടി പ്രസ്താവനകളില്‍ ഒതുക്കുന്നു



തിരുവനന്തപുരം: ആര്‍എസ്എസ് അജണ്ട വിലപ്പോവാത്തതിലെ നിരാശ മൂലമാണ് ജിഹാദി കേന്ദ്രമായി കേരളത്തെ ആര്‍എസ്എസ് വിശേഷിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിയെടുക്കാതെ പ്രസ്താവന മാത്രം ഇറക്കി ആര്‍എസ്എസിനെ നേരിടാനാണ് സംസ്ഥാന സര്‍ക്കാ ര്‍ ശ്രമിക്കുന്നത്. നിയമം ലംഘിച്ചു പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവതിനെതിരേ നടപടിയെടുക്കാന്‍ പോലും പിണറായി സര്‍ക്കാരിനു കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാരത്തിനോട് കാണിക്കുന്ന മൃദുസമീപനമാണ് അവര്‍ക്കു കൂടുതല്‍ ധൈര്യം പകരുന്നത്. ആളുകളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വിഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയ കെ പി ശശികല എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ടതിനു ശേഷം ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കിയിട്ടില്ല. പണം വാരിയെറിഞ്ഞും ചോരപ്പുഴ ഒഴുക്കിയും അസത്യങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചുമാണ് എല്ലാ വര്‍ഗീയവാദികളും എല്ലാ കാലത്തും നേട്ടങ്ങള്‍ ഉണ്ടാക്കാറുള്ളത്. ഇവരുടെ അജണ്ടകള്‍ മനസ്സിലാക്കാന്‍ ബുദ്ധിയുള്ള ജനങ്ങള്‍ ഇത്തരം ശക്തികളില്‍ നിന്ന് അകന്നുനില്‍ക്കുക സ്വാഭാവികം. സംഘപരിവാരത്തില്‍ നിന്ന് ഇത്തരം ഒരു അകന്നുനില്‍ക്കലാണ് കേരളം പതിറ്റാണ്ടുകളായി സ്വീകരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തതു മുതല്‍ ബാബരിമസ്ജിദ് തല്ലിത്തകര്‍ത്തത് ഉള്‍പ്പെടെയുള്ള പാപത്തിന്റെ വിഴുപ്പുഭാണ്ഡം ചുമക്കുന്ന സംഘപരിവാരത്തിനു കേരള മനസ്സില്‍ ഒരു ഇടംനേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മലയാളിയുടെ മതേതര മനസ്സിനു പോറലേല്‍പിക്കാന്‍ ആര്‍എസ്എസിനു കഴിയുന്നില്ല. ഈ നിരാശയില്‍ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഘപരിവാരത്തിനെതിരേ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും മുഖ്യമന്ത്രി കുറെ നടത്തുന്നുണ്ട്. ഇനി ഇതൊക്കെ മതിയാക്കി നടപടി ആരംഭിക്കാന്‍ തയ്യാറാവണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി മതിയാക്കി പ്രവര്‍ത്തിക്കണമെന്നു ചെന്നിത്തല ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it