സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍

പുനലൂര്‍/ തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാവും അനുയായികളും. ഡിവൈഎഫ്‌ഐ തെന്മല യൂനിറ്റ് സെക്രട്ടറി നിയാസാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. സംഘത്തിലെ മറ്റൊരു പ്രധാനിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഇഷാനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തിന് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പിന്തുണ തട്ടിക്കൊണ്ടുപോകലിനു ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പോലിസിന്റെ ഒത്താശയോടെ നടന്ന കൊലപാതകമാണിതെന്നാണ് ആരോപണം ഉയരുന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷവും ഗാന്ധിനഗര്‍ എസ്‌ഐ കൊലയാളിസംഘത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കാണാതായതോടെ പരാതിയുമായി എത്തിയ യുവാവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് എസ്‌ഐ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തെ വിളിച്ചത്. ഇവര്‍ യുവാവിനെ തിരിച്ചെത്തിക്കുമെന്നായിരുന്നു എസ്‌ഐ പറഞ്ഞത്. അതിനാല്‍, യുവാവിന്റെ ബന്ധുക്കളുടെ പരാതി സ്വീകരിക്കാന്‍ പോലും എസ്‌ഐ തയ്യാറായിരുന്നില്ല.
അതേസമയം, കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം. വീഴ്ച വരുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സംഭവത്തിനു ശേഷം കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാള്‍ ഈ കൃത്യത്തില്‍ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡിവൈഎഫ്‌ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇയാള്‍ക്കു പുറമേ മറ്റൊരു ബന്ധുവായ ഇഷാനെയും പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കള്‍ മാത്രമാണ്.
സംഭവത്തിലെ പ്രധാന പ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. വാഹനം ഓടിച്ചിരുന്ന ആളുടെ രാഷ്ട്രീയം പറയുന്നവര്‍ മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താല്‍പര്യം വച്ചു മാത്രമാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയപ്രേരിതമായി ആരോപണമുയര്‍ത്തുന്നത് ഡിവൈഎഫ്‌ഐ വിരോധം കൊണ്ടു മാത്രമാണ്.
കെവിന്‍ സിപിഎം അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരന്‍ ബൈജി ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്‌റ്റേഷനില്‍ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവര്‍ത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it