സംഘടിത ശക്തിക്കു മുമ്പില്‍ സര്‍ക്കാര്‍ തലകുനിക്കുന്നു: ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വീസുകളും കെഎസ്ആര്‍ടിസി ഏറ്റെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് എംഡി ടോമിന്‍ തച്ചങ്കരി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ സ്‌കൂള്‍ ഓഫ് ജേണലിസം പുതിയ ബാച്ചിന്റെ ആദ്യ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
സര്‍വീസുകള്‍ ഏറ്റെടുക്കുന്നതിനു കൂടുതല്‍ ബസ്സുകള്‍ വേണം. സ്വകാര്യ ബസ്സുകള്‍ വാടകയ്ക്ക് എടുക്കണം. അതോടെ സ്വകാര്യ ബസ്സുടമകളുടെ പ്രശ്‌നത്തിനും പരിഹാരമാവും. ഒരു ബസ് വാങ്ങാന്‍ 30 ലക്ഷം രൂപ വേണം. ഒരു വര്‍ഷം കൊണ്ട് 30 ലക്ഷം നഷ്ടവുമാവും. കിലോമീറ്ററിനു 15 രൂപ നിരക്കില്‍ ബസ് വാടകയ്ക്ക് കിട്ടും. ഒരു കണ്ടക്ടറെ മാത്രം കെഎസ്ആര്‍ടിസി നല്‍കിയാല്‍ മതി. ബാക്കിയെല്ലാം ബസ്സുടമകള്‍ ലഭ്യമാക്കും.
മറിച്ച്, സ്വന്തമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ ഒരു ഡ്രൈവര്‍ക്ക് മാത്രം 20 രൂപ വേണം.
സ്വകാര്യ ബസ്സുകള്‍ എങ്ങനെ ഓടിയാലും ലാഭത്തിലാണ്. കെഎസ്ആര്‍ടിസിയാവട്ടെ വൃത്തിയാക്കുക പോലും ചെയ്യുന്നില്ല. കെടുകാര്യസ്ഥതയാണ്. എന്നാല്‍ വാടകയ്ക്ക് ബസ് എടുക്കാന്‍ സമ്മതിക്കുന്നുമില്ല. പൊയ്മുഖങ്ങള്‍ അഴിയേണ്ട സമയം കഴിഞ്ഞു. കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂനിയനുകള്‍ സമരത്തിലാണ്.
ഈ സമരവും എംഡിയായ തന്റെ അക്കൗണ്ടിലാണ്. അവരുടെ ആവശ്യങ്ങളൊന്നും തന്റെ കൈയിലല്ല. എല്ലാം നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ആരോപിക്കുന്നത് തന്റെ മേല്‍. ശീലിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും നിര്‍ത്തുന്നതാണ് യൂനിയനുകളെ പ്രകോപിപ്പിക്കുന്നത്.
അവകാശങ്ങള്‍ തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി നല്ല രീതിയില്‍ പോകില്ല. ഓരോ എംഡിമാര്‍ വരുമ്പോഴും യൂനിയനുകള്‍ സമ്മര്‍ദത്തിലാക്കി ആനുകൂല്യങ്ങള്‍ നേടുന്നു. ആരും ഇഷ്ടപ്പെട്ട് എംഡിയായി വരാറില്ല. താല്‍പര്യപൂര്‍വം ആരും ഏറ്റെടുക്കാറില്ല.
തൊഴിലാളി യൂനിയനുകള്‍ പ്രതിനിധീകരിക്കുന്നത് തൊഴിലാളികളെയാണ്. എന്നാല്‍, കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്കു വേണ്ടിയല്ല, യാത്രക്കാര്‍ക്കു വേണ്ടിയാണ്. അതേസമയം, യാത്രക്കാരെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടക്കുന്നുമില്ല. പ്രതിവര്‍ഷം 1800 കോടി രൂപയാണ് സര്‍ക്കാര്‍ യാത്രക്കാര്‍ക്കു വേണ്ടി മുടക്കുന്നത്.
യൂനിയനുകള്‍ തൊഴിലാളികളുടെ സൗകര്യം മാത്രമാണ് പരിഗണിക്കുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവസ്ഥയിതാണ്. സര്‍ക്കാരും അധികാരവും സംഘടിത ശക്തിക്കു മുമ്പില്‍ അടിയറ പറയുന്നു.  ശക്തമായ സര്‍ക്കാരും അധികാരവും സംഘടിത ശക്തിക്കു മുമ്പില്‍ തല കുനിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it