Flash News

സംഘടിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആഹ്വാനം



ന്യൂഡല്‍ഹി: സന്നദ്ധസംഘടനകളെയും ന്യൂനപക്ഷ പ്രസ്ഥാനങ്ങളെയും നിരോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരും. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയി ല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹികസേവന മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സന്നദ്ധസംഘടനകളെയും ന്യൂനപക്ഷപ്രസ്ഥാനങ്ങളെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയ സാഹചര്യത്തിലാണ് സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരും അഭിഭാഷകരും രംഗത്തെത്തിയത്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, എഴുത്തുകാരന്‍ കെ സച്ചിദാനന്ദന്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ മഹ്മൂദ് മദനി, ദലിത് വോയ്‌സ് പത്രാധിപര്‍ വി ടി രാജശേഖര്‍, പ്രഫ. നിവേദിത മേനോന്‍, പ്രഫ. അപൂര്‍വാനന്ദ്, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം, രാഷ്ട്രീയ ദലിത് മഹാസഭ പ്രസിഡന്റ് അശോക് ഭാരതി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അമിത് സെന്‍ഗുപ്ത, പ്രഫ. ജി ഹരഗോപാല്‍, സൗത്ത് ഏഷ്യന്‍ ഹ്യൂമന്റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ രവി നായര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിദ്യാഭൂഷണ്‍ റാവത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ്, ദേശീയ മനുഷ്യാവകാശ ഏകോപനസമിതി പ്രസിഡന്റ് പ്രഫ. എ മാര്‍ക്‌സ്, ഡോക്യുമെന്ററി ഫിലിം ഡയറക്ടര്‍ ഗോപാല്‍ മേനോന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്. സന്നദ്ധസംഘടനകളായ ഗ്രീന്‍പീസ്, സബ്‌രംഗ്, സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ്, ഇന്‍സാഫ്, പീസ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ന്യൂനപക്ഷ സംഘടനകള്‍ക്ക് എതിരേയാണ് സര്‍ക്കാരിന്റെ നീക്കം. അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ച് എതിര്‍ശബ്ദങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it