malappuram local

സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗം അലസിപ്പിരിഞ്ഞു

എടപ്പാള്‍: തവനൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നിലവിലുണ്ടായിരുന്ന സംഘടനാ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷാവസ്ഥ. നേതാക്കള്‍ ചേരിതിരിഞ്ഞ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതാണു സംഘര്‍ഷാവസ്ഥയ്ക്കു കാരണമായത്. യോഗം ഒന്നും തീരുമാനമാവാതെ അലങ്കോലമായപ്പോള്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിശ്ചയിച്ചു പിരിയുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം കുറ്റിപ്പുറം റസ്റ്റ് ഹൗസില്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെയും മുന്‍ കെപിസിസി സെക്രട്ടറി അജയ്‌മോഹന്റേയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍മൂലം അലങ്കോലപ്പെട്ടത്. തവനൂര്‍ നിയോജകമണ്ഡലത്തില്‍ യാതൊരുവിധ സംഘടനാ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും മണ്ഡലം നേതാക്കള്‍ തന്നെ പരസ്പരം അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു പാര്‍ട്ടിയെ ക്ഷീണിപ്പിക്കുകയാണെന്നും ഈ അവസ്ഥ പരിഹരിക്കാന്‍ സംഘടനാ തലത്തില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ട് വിവിധ പഞ്ചായത്തുകളില്‍നിന്നും ജില്ലാ നേതൃത്വത്തിന് ഒട്ടേറെ പരാതികള്‍ അയച്ചിരുന്നു.
ഇതേ തുടര്‍ന്നായിരുന്നു സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനായി യോഗം വിളിച്ചത്. യോഗത്തില്‍വച്ച് നിലവിലെ ഡിസിസി ജന.സെക്രട്ടറിക്കെതിരായി തവനൂര്‍  ബ്ലോക്ക് കമ്മിറ്റിയിലെ അരഡസനോളം നേതാക്കള്‍ അഴിമതിയടക്കമുള്ള ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് ഡിസിസി സെക്രട്ടറി അതേരൂപത്തില്‍ മറുപടി പറഞ്ഞതോടെയാണു സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പല പഞ്ചായത്തുകമ്മിറ്റികളുടേയും പ്രസിഡന്റുമാരെയും അറിയിക്കാതെ സ്വകാര്യമായി വിളിച്ച കമ്മിറ്റിയില്‍ പാര്‍ട്ടിയിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് യോഗത്തില്‍ പങ്കെുത്ത ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തെ ധരിപ്പിച്ചു.
നിയോജകമണ്ഡലം  നേതാക്കള്‍ പാര്‍ട്ടി പരിപാടി പൊളിക്കാന്‍ കരാറെടുത്തിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ നടത്തിയ സംസ്ഥാന ജാഥാ സ്വീകരണം വിജയിപ്പിക്കാന്‍ നിയോജകമണ്ഡലം കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്നും പ്രവര്‍ത്തകര്‍ നേതൃത്വത്തെ ധരിപ്പിച്ചു. മാസങ്ങളായി പാര്‍ട്ടിയുടെ പഞ്ചായത്ത്തല കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുന്നില്ലെന്നും മണ്ഡലം പ്രസിഡന്റുമാരാരും തന്നെ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
അവസാനം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്‌നങ്ങള്‍ പഠിച്ചു ജില്ലാ നേതൃത്വത്തിന് റിപോര്‍ട്ട് നല്‍കാനായി ഡിസിസി ജന.സെക്രട്ടറിമാായ അഡ്വ. നസറുല്ല, കെ എ പത്മകുമാര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിഷനെ നിയമിച്ച് യോഗം അവസാനിപ്പിക്കുകയാണുണ്ടായത്. പത്തു ദിവസത്തിനകം അന്വേഷണ കമ്മിഷന്‍ റിപോര്‍ട്ട് ജില്ലാ നേതൃത്വത്തിന് നല്‍കാനും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it