Flash News

സംഘടനയ്‌ക്കെതിരേ ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുന്നു: പോപുലര്‍ ഫ്രണ്ട്‌

സംഘടനയ്‌ക്കെതിരേ ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുന്നു: പോപുലര്‍ ഫ്രണ്ട്‌
X


ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ചില മാധ്യമങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണത്തെ സംഘടനയുടെ ദേശീയ നിര്‍വാഹകസമിതിയോഗം അപലപിച്ചു. ആരോപണങ്ങള്‍ തെളിയിക്കുന്നതിനു വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ യോഗം മാധ്യമങ്ങളെ വെല്ലുവിളിച്ചു. എന്‍ഐഎ റിപോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഹിന്ദുത്വ സംഘടനകള്‍ പ്രത്യേകിച്ച് ആര്‍എസ്എസ് നടത്തിയ വ്യാജ പ്രചാരണം അപ്പടി പകര്‍ത്തിയതുപോലെയുള്ള റിപോര്‍ട്ടാണത്. എന്‍ഐഎയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നിരത്തുന്ന കേസുകള്‍ സംഘടനയെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തതുമാണെന്നു യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. എന്‍ഐഎ നല്‍കിയെന്നു പറയപ്പെടുന്ന ദുരൂഹമായ റിപോര്‍ട്ടില്‍ യോഗം ആശങ്കയും ഖേദവും പ്രകടിപ്പിച്ചു. ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട മലേഗാവ്, അജ്മീര്‍, സംജോത, മക്കാമസ്ജിദ് ഭീകരാക്രമണക്കേസുകളില്‍ എന്‍ഐഎ മൃദുസമീപനം സ്വകരിക്കുന്നുവെന്ന് നേരത്തെ തന്നെ നിരീക്ഷണമുണ്ട്. ഈ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷകളെ എന്‍ഐഎ എതിര്‍ക്കുകയുണ്ടായില്ല. കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തന്നെ ആരോപിച്ചു. ഹിന്ദുത്വ ഗ്രൂപ്പുകളുടെ രാഷ്ട്രീയകാര്യ പരിപാടിയെയാണ് എന്‍ഐഎ സേവിക്കുന്നതെന്നു യോഗം സംശയം പ്രകടിപ്പിച്ചു. തങ്ങളുടെ അന്വേഷണങ്ങള്‍ നിഷ്പക്ഷവും വാസ്തവാനിഷ്ഠവുമാണെന്ന് എന്‍ഐഎ രാഷ്ട്രത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മനുഷ്യവിരുദ്ധമാണെന്നു യോഗം വിലയിരുത്തി. അടിസ്ഥാന മനുഷ്യാവകാശവും അഭയാര്‍ഥികളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രമാണങ്ങളും ലംഘിക്കുന്നതാണ് കേന്ദ്ര തീരുമാനം. അഭയാര്‍ഥികള്‍ക്കു സംരക്ഷണം നല്‍കുന്ന നമ്മുടെ ദീര്‍ഘപാരമ്പര്യത്തിനുമെതിരാണ്. നമ്മുടെ രാജ്യത്തെ റോഹിന്‍ഗ്യന്‍ ജനതയ്ക്ക് ആശ്വാസം പകരാനും സര്‍ക്കാര്‍ നയം തിരുത്താന്‍ സമ്മര്‍ദം ചെലുത്താനും എല്ലാ സംഘടനകളോടും യോഗം അഭ്യര്‍ഥിച്ചു. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികള്‍, മേഖലാ അധ്യക്ഷന്‍മാര്‍, ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it