thrissur local

സംഘടനയുമായി കരാറൊപ്പിട്ടു: എട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തീര്‍ന്നു



തൃശൂര്‍: ജില്ലയില്‍ എട്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ സമരം താത്ക്കാലികമായി ഒത്തു തീര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് തൃശൂര്‍ ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ എട്ട് ആശുപത്രികളിലെയും മാനേജ്‌മെന്റുകള്‍ കരാര്‍ ഒപ്പിട്ടതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ കരാര്‍ ഒപ്പിടാന്‍ തയാറാകാത്ത മറ്റ് ഏഴു സ്വകാര്യ ആശുപത്രികളില്‍ സമരം തുടരുമെന്നും നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കരാര്‍ പ്രകാരം അടിസ്ഥാന വേതനം അമ്പത് ശതമാനം വര്‍ധിപ്പിക്കും. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ അമ്പത് ശതമാനം വേതനം ഇടക്കാലാശ്വാസമായി നല്‍കാന്‍ ധാരണയായിരുന്നു. ഒരു മാസത്തിന് ശേഷം മിനിമം വേതനം നല്‍കുന്നതിന് തീരുമാനമെടുക്കും. ജൂബിലി മിഷന്‍, അമല മെഡിക്കല്‍ കോളജ്, അശ്വനി വെസ്റ്റ് ഫോര്‍ട്ട് , വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്, മദര്‍, എലൈറ്റ് എന്നീ ആശുപത്രികളിലെ മാനേജ്‌മെന്റുകളാണ് കരാര്‍ ഒപ്പിട്ടത്.ദയ ആശുപത്രി മാനേജ്‌മെന്റ് ചൊവ്വാഴ്ച ഒപ്പുവെച്ചിരുന്നു. ജില്ലയില്‍ 44 സ്വകാര്യ ആശുപത്രികളിലാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. അമ്പതോളം ആശുപത്രികളെ സമരത്തില്‍ നിന്ന്് ഒഴിവാക്കിയിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്താണ് നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുത്തിരുന്നത്. പകര്‍ച്ചപ്പനി കണക്കിലെടുത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കുന്നത്. 27 ന് നഴ്‌സുമാരുടെയും മാനേജ്‌മെന്റിന്റെയും ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കും. സുപ്രീം കോടതി വിധി പ്രകാരമുള്ള വേതനം നല്‍കാന്‍ മാനേജ്‌മെന്റ് തയാറായില്ലെങ്കില്‍ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന്നും യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it