സംഗീത സാന്ത്വനത്തിന്റെ 200 ലക്കങ്ങള്‍ പിന്നിട്ട് ആര്‍ട്‌സ് ആന്റ് മെഡിസിന്‍

കൊച്ചി: ആര്‍ട്‌സ് ആന്റ് മെഡിസിന്‍ 200 ലക്കങ്ങള്‍ പിന്നിടുമ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ നൂറുകണക്കിനു രോഗികള്‍ക്കു സംഗീതത്തിലൂടെയുള്ള സാന്ത്വനം കൂടിയായി അതു മാറി. രോഗങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ സംഗീതവും നല്ല മാര്‍ഗമാണെന്നു തെളിഞ്ഞ പശ്ചാത്തലത്തിലാണു കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സാന്ത്വനസംഗീതമെന്ന ആശയം ഉയര്‍ന്നുവരുന്നത്. തുടര്‍ന്ന് മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെ 2014 മുതല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്റ് മെഡിസിന്‍ പരിപാടി നടന്നുവരികയാണ്. പരിപാടിയുടെ ആദ്യ ലക്കം പാടിയ  പിന്നണി ഗായകനായ അഫ്‌സലും കുടുംബവും തന്നെയാണ് 200ാം ലക്കമായിരുന്ന ഇന്നലെ ഗായകരായി എത്തിയത്. സംഗീത പാരമ്പര്യമുള്ള അഫ്‌സലിന്റെ കുടുംബത്തില്‍ നിന്നുള്ള രണ്ടു തലമുറ ഗായകരാണു പരിപാടി അവതരിപ്പിക്കാനെത്തിയത്. സഹോദരങ്ങളായ അശ്‌റഫ്, സലീം എന്നിവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളായ നബീല, നഫ്‌ല, ജസീല, അമീന്‍, യാസിര്‍ നൗറീന്‍ എന്നിവരും ചേര്‍ന്നു മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി 16 പാട്ടുകളാണു പാടിയത്. 2014 ഫെബ്രുവരിയില്‍ തുടങ്ങിയ പരിപാടിയില്‍ പ്രശസ്തരും അല്ലാത്തവരുമായ നിരവധി ഗായകരാണു പങ്കെടുത്തിട്ടുള്ളത്.     കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മാര്‍ക്കോസ്, സിത്താര, രഞ്ജിനി ജോസ്, ജെറി അമല്‍ദേവ്, ബേണി ഇഗ്‌നേഷ്യസ്, ബിജിബാല്‍, നടന്‍ ജയസൂര്യ, പ്രമുഖ അര്‍ബുദരോഗ വിദഗ്ധനായ ഡോ. വി പി ഗംഗാധരന്‍, എറണാകുളം പ്രസ്‌ക്ലബ്ബിലെ ഗായകര്‍ തുടങ്ങി വാട്‌സ്ആപ്പിലെ സംഗീത ഗ്രൂപ്പ് അംഗങ്ങള്‍ വരെ കഴിഞ്ഞ 200 ലക്കങ്ങളിലായി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. വിദേശ ഭാഷകളിലും ആര്‍ട്‌സ് ആന്റ് മെഡിസി ന്‍ പരിപാടിയില്‍ സംഗീതാവതരണം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it