സംഗീത സംവിധായിക ഷാന്‍ ജോണ്‍സണ്‍ അന്തരിച്ചു

കൊച്ചി: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും യുവ സംഗീത സംവിധായികയും ഗായികയുമായ ഷാന്‍ ജോണ്‍സണി (29)നെ ചെന്നൈയിലെ കോടമ്പാക്കത്തെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം. ഫഌറ്റില്‍ ഷാന്‍ തനിച്ചാണ് താമസിച്ചിരുന്നത്. മാതാവ് റാണി തൃശൂരിലാണ്.
വ്യാഴാഴ്ച റിക്കാഡിങിനു ശേഷം ഷാന്‍ രാത്രിയോടെ ഫഌറ്റില്‍ വന്ന് ഉറങ്ങാന്‍ കിടന്നതാണ.് ബാക്കി റിക്കാഡിങ് ഇന്ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇന്നലെ ഉച്ചയോടെ സ്റ്റുഡിയോയിലെ ജീവനക്കാര്‍ ഫഌറ്റില്‍ എത്തിയപ്പോഴാണ് ഷാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2011 ആഗസതിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജോണ്‍സണ്‍ മരിച്ചത്. 2012 ഫെബ്രുവരിയില്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണും ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇതിനുശേഷം ജോണ്‍സന്റെ ഭാര്യ റാണി ജോണ്‍സണും മകള്‍ ഷാന്‍ ജോണ്‍സണും മാത്രമായിരുന്നു.
പിതാവ് ജോണ്‍സന്റ പാതയില്‍ തന്നെയായിരുന്നു മകള്‍ ഷാന്‍ ജോണ്‍സണും സംഗീത വഴിയില്‍ സഞ്ചരിച്ചിരുന്നത്. കര്‍ണാടിക് മ്യൂസിക്കിലും പാശ്ചാത്യ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുള്ള ഷാന്‍ തിര, പ്രെയ്‌സ് ദി ലോര്‍ഡ് എന്നീ മലയാള ചിത്രങ്ങളിലും എങ്കെയും എപ്പോതും, പറവൈ എന്നിവ ഉള്‍പ്പെടെയുളള തമിഴ് സിനിമയിലും പാടിയിട്ടുണ്ട്.
ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ഷാന്‍ സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിച്ചത്. ഇതുകൂടാതെ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന വേട്ട എന്ന മലയാള സിനിമയിലെ ഹിന്ദി ഗാനത്തിന്റെ വരികള്‍ രചിച്ചതും ഷാന്‍ ആണ്. സൗണ്ട് ഓഫ് ബള്‍ബ് എന്ന പേരില്‍ ഷാനും സുഹൃത്തുക്കളും ചേര്‍ന്ന് മ്യൂസിക് ബാന്‍ഡും നടത്തുന്നുണ്ട്. ഗായിക മാത്രമല്ല നര്‍ത്തകി കൂടിയായിരുന്ന ഷാന്‍. ചെന്നൈയില്‍ നിരവധി നൃത്തപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it