Idukki local

ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് നാളെമുതല്‍

തൊടുപുഴ പ്രസ് ക്ലബ്ബില്‍തൊടുപുഴ: മണ്‍മറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സ്മരണാര്‍ത്ഥം ഇടുക്കി പ്രസ്‌ക്ലബ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്ര പ്രദര്‍ശനം 'ഇടുക്കി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്-2018' നാളെ തൊടുപുഴയില്‍ ആരംഭിക്കും.
6, 7, 8 തിയ്യതികളിലായി തൊടുപുഴ പ്രസ്‌ക്ലബ് ഹാളിലെ നവീകരിച്ച മിനി തിയേറ്ററിലാണ് പ്രദര്‍ശനം. മത്സരയിനത്തിലെ മികച്ച ഹ്രസ്വചിത്രങ്ങള്‍ക്ക് കാഷ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'പൂമരം' സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുചേരുന്ന സമാപനചടങ്ങിന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഓഡിറ്റോറിയം വേദിയാവും.
നാളെ രാവിലെ 10ന് പ്രസ്‌ക്ലബ് ഹാളില്‍ സംവിധായകന്‍ പ്രദീപ് എം നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലും പകല്‍ 11, 2.30, രാത്രി 8 മണി എന്നിങ്ങനെ രണ്ടു മണിക്കൂര്‍ വീതമാണ് പ്രദര്‍ശനം. ഏപ്രില്‍ 6, 8 തിയ്യതികളില്‍ എട്ട് ചിത്രങ്ങള്‍ വീതവും 7ന് 11 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ഒരേ സിനിമകളായിരിക്കും എല്ലാ ഷോ ടൈമിലും പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്. ലഭിച്ച 65 എന്‍ട്രികളില്‍ നിന്ന് 22 ഹ്രസ്വചിത്രങ്ങളാണ് മത്സരയിനത്തിലേക്കു പരിഗണിച്ചത്.
ജില്ലയില്‍ നിന്നുള്ള മൂന്നു ഡോക്യുമെന്ററികളുമുണ്ടാവും. ക്യാന്‍സര്‍ പ്രമേയമാക്കി ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റി തയാറാക്കിയ 'തണല്‍മരം', 'ഹൈറേഞ്ച്'  എന്നിവയാണ് ഇടുക്കിയില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങള്‍.
ഇതിനു പുറമെ, തുമ്പികളെ പ്രമേയമാക്കി കാഞ്ഞാര്‍ സ്വദേശി ജോര്‍ഡിന്‍ മാത്യു തയാറാക്കിയ 'ഡ്രാഗണ്‍ ഫ്‌ളൈ', ഇരവികുളം ദേശീയോദ്യാനത്തിലെ ഇതുവരെ കാണാത്ത കാഴ്ചകളുമായി ചിന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രഭു ഒരുക്കിയ 'വിസ്‌പേഴ്‌സ് ഓഫ് സൈലന്‍സ്', പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ എച്ച്എസ്എസിന്റെ 'പൂമാല്യം' എന്നീ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. തൊടുപുഴ ചാഴികാട്ട് ആശുപത്രിയാണ് പുരസ്‌കാരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സെക്രട്ടറി എം എന്‍ സുരേഷ്, ചാഴികാട്ട് ആശുപത്രി ചെയര്‍മാന്‍ ഡോ. ജോസഫ് സ്റ്റീഫന്‍, എംഡി ഡോ. സി എസ് സ്റ്റീഫന്‍, സിഇഒ ഡോ. സ്റ്റീഫന്‍ ജോസഫ്, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it