wayanad local

ഷോപ്പിങ് കോംപ്ലക്‌സ് ലേലം : പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ വരുമാനം പത്തിരട്ടിയായി



മാനന്തവാടി: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ നടത്തിയ പടിഞ്ഞാറത്തറ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് മുറികളുടെ ലേലത്തില്‍ പഞ്ചായത്തിന് വാടകയിനത്തില്‍ പത്തിരട്ടിയോളം വര്‍ധന. ആകെയുള്ള 23 മുറികളില്‍ 21 മുറികള്‍ ലേലത്തില്‍ പോയത് പ്രതിമാസം 5,90,850 രൂപയ്ക്ക്. ഇത്രയും മുറികളില്‍ നിന്ന് ഇപ്പോള്‍ പഞ്ചായത്തിന് ലഭിക്കുന്നത് 57,035 രൂപ മാത്രമാണ്. 23 കടമുറികളില്‍ നിന്നായി ഒരു വര്‍ഷം 7,41,984 രൂപയാണ് ഇതുവരെ വാടകയിനത്തില്‍ ലഭിച്ചിരുന്നത്. ഇത് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കു പോലും തികയുമായിരുന്നില്ല. നിലവില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. കച്ചവടങ്ങള്‍ക്കായി മുറിയെടുത്തവര്‍ വന്‍ തുക ദിവസവാടകയിനത്തില്‍ മറിച്ചു നല്‍കുന്നതായും ആരോപണമുയര്‍ന്നിരുന്നു. 1997ലാണ് അവസാനമായി കടമുറികള്‍ ലേലം ചെയ്തത്. പിന്നീട് ഇങ്ങോട്ട് വര്‍ഷത്തില്‍ വാടകയിനത്തില്‍ നിശ്ചിത ശതമാനം വര്‍ധന നല്‍കിയാണ് വാടകക്കാര്‍ മുറികള്‍ ഉപയോഗിച്ചുവരുന്നത്. പഞ്ചായത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്ന് ന്യായമായ വാടക വരുമാനം ലഭ്യമാക്കുന്നതിനായി 2016 മാര്‍ച്ച് 10നു ചേര്‍ന്ന ഭരണസമിതി യോഗം പുനര്‍ലേലത്തിന് തീരുമാനിക്കുകയായിരുന്നു. ഇതറിയിച്ചു കൊണ്ട് അറിയിപ്പ് നല്‍കുകയും 2017 ഏപ്രില്‍ 30നുള്ളില്‍ മുറികള്‍ ഒഴിഞ്ഞുനല്‍കാന്‍ നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍, ലേലദിവസത്തിന് മുമ്പായി രണ്ടു മുറികള്‍ കൈവശം വച്ചുവരുന്ന പി എന്‍ പ്രേമന്‍ കോടതിയെ സമീപിക്കുകയും ഇയാളുടെ മുറികള്‍ ലേലം ചെയ്യുന്നത് ഒരുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് 21 മുറികളുടെ ലേലം ഇന്നലെ സാംസ്‌കാരിക നിലയത്തില്‍ നടത്തിയത്. ലേല നടപടികള്‍ക്ക് സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, മെംബര്‍മാരായ ഹാരിസ് കണ്ടിയന്‍, എം പി നൗഷാദ്, ജോസഫ് പുല്ലുമാരിയില്‍, ശാന്തിനി, ഉഷ വര്‍ഗീസ്, എ ഹാരിസ് നേതൃത്വം നല്‍കി. എന്നാല്‍, പുനര്‍ലേലം വരുന്നതോടെ പതിറ്റാണ്ടുകളായി ഈ കെട്ടിടത്തില്‍ കച്ചവടം നടത്തിവരുന്നവര്‍ വഴിയാധാരമാവവുമെന്നും അതിനാല്‍ ലേല നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ലേലസ്ഥലത്തേക്ക് പ്രകടനം നടത്തിയത് വാക്കേറ്റത്തിനും തര്‍ക്കത്തിനും ഇടയാക്കി. സ്ഥലത്തുണ്ടായിരുന്ന പോലിസ് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കുകയായിരുന്നു. ന്യായമായ വാടക വര്‍ധന നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ഭരണസമിതിയുടെ ദുര്‍വാശി കാരണമാണ് ലേലം നടത്തിയതെന്നും 30 വര്‍ഷങ്ങളോളമായി നിയമാനുസൃതം വാടക വര്‍ധന നല്‍കി കച്ചവടം ചെയ്തുവരുന്നവര്‍ യാതൊരു കാരണവശാലും ഒഴിഞ്ഞുപോവില്ലെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ ജാഥയ്ക്കും സമരത്തിനും പി കെ അബ്ദുറഹ്മാന്‍, ഹാരിസ് കോമ്പി, പി കെ ദേവസ്യ, കെ പി നൂറുദ്ദീന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it