Flash News

ഷോപിയാനില്‍ സൈനിക നടപടി : 4000 സൈനികരെ വിന്യസിച്ചു



ശ്രീനഗര്‍: വീടുകളില്‍ ഒളിച്ചിരിക്കുന്ന ആയുധധാരികളെ തുരത്താന്‍ കശ്മീര്‍ താഴ്‌വരയിലെ ഷോപിയാന്‍ ജില്ലയില്‍ വന്‍ സൈനിക നടപടി തുടങ്ങി. ജില്ലയില്‍ 4000ലേറെ പട്ടാളക്കാരെ വിന്യസിച്ചു. ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും സൈനിക നടപടിയെ സഹായിക്കുന്നുണ്ട്. അതിനിടെ തിരച്ചില്‍ നടത്തുന്ന  സൈനികര്‍ക്കു നേരെ ആയുധധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടതായും റി പോര്‍ട്ടുണ്ട്.പത്ത് വര്‍ഷത്തിനിടയില്‍ കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഗ്രാമീണരോട് പൊതു സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ട സൈന്യം വീടുകള്‍ തോറും കയറി തിരച്ചില്‍ നടത്തിവരികയാണ്. കശ്മീര്‍ താഴ്‌വരയില്‍ 90കളുടെ ഒടുവില്‍ ഇത്തരം തിരച്ചില്‍ നിര്‍ത്തലാക്കിയതായിരുന്നു. സാധാരണക്കാരെ കുഴപ്പത്തിലകപ്പെടുത്താന്‍ സൈന്യം ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. തുര്‍ക്കവാങ്കന്‍ ഗ്രാമത്തില്‍ സൈന്യത്തിന് നേരെയുണ്ടായ ചെറിയ തോതിലുള്ള കല്ലേറൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതെസമയം, വടക്കന്‍ കശ്മീരിലെ സോപൂര്‍ പട്ടണത്തില്‍ വിദ്യാര്‍ഥികളും സുരക്ഷാസേനയും ഏറ്റുമുട്ടി. തങ്ങളുടെ സഹപാഠികളെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. വിദ്യാര്‍ഥികളെ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തു. അതിനിടെ ശ്രീനഗറില്‍ ഇന്ത്യാ ടിവി ചാനലിലെ മാധ്യമ പ്രവര്‍ത്തകനായ മന്‍സൂര്‍ അഹ്മദ് മിര്‍നെ ജമ്മുകശ്മീര്‍ ബാങ്കിന്റെ സുരക്ഷാ ജീവനക്കാരന്‍ കൈയേറ്റം ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ ബാങ്ക് കവര്‍ച്ചയെ കുറിച്ച് വാര്‍ത്ത തയ്യാറാക്കാനെത്തിയ തന്നെയും സഹപ്രവര്‍ത്തകരെയും സുരക്ഷാജീവനക്കാര്‍ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് മിര്‍ പറഞ്ഞു. പോലിസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it