ഷെറിന്‍ പോലിസിനെ പറ്റിച്ചു; കണ്ടെടുത്തത് കളിത്തോക്ക്; അമേരിക്കയില്‍ രണ്ടുവര്‍ഷം ജയിലില്‍ കിടന്നു

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ പിതാവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പോലിസ് പിടിയിലായ ഷെറിന്റെ കൈയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത് അമേരിക്കന്‍ നിര്‍മിത കളിത്തോക്ക്. തോക്കിനോട് രൂപ സാദൃശ്യമുള്ള ലൈറ്ററാണിതെന്നും പോലിസ് പറഞ്ഞു. യഥാര്‍ഥ തോക്ക് കണ്ടെത്തുന്നതിനായി ഷെറിനുമായി സംഭവ സ്ഥലങ്ങളിലെത്തി ഇന്ന് തെളിവെടുപ്പ് നടത്തും.
കൊലപാതകത്തിനു ശേഷം കോട്ടയത്തെ ഹോട്ടലില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് ഷെറിന്‍ പിടിയിലാവുന്നത്. ഈസമയം നടത്തിയ പരിശോധനയിലാണ് ഷെറിന്റെ പക്കല്‍ നിന്നു തോക്ക് കണ്ടെടുത്തത്. തോക്കും തിരകളുമെല്ലാം കളിക്കോപ്പായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, പോലിസ് മെനഞ്ഞെടുക്കുന്ന കഥയാണിതെന്നും പറയപ്പെടുന്നു. കസ്റ്റഡിയില്‍ കഴിയുന്ന ഷെറിനെ ഇന്നലെ ചെന്നൈ യുഎസ് കോണ്‍സുലേറ്റില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു. വൈസ് കോണ്‍സുലര്‍ പീറ്റര്‍ ജോണ്‍ ടെയ്‌സ്, അസിസ്റ്റന്റും മലയാളിയുമായ സ്വപ്‌ന ജോണ്‍ എന്നിവരാണ് ചോദ്യം ചെയ്യാന്‍ എത്തിയത്.
2003ല്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഷെറിന്‍ പിന്നീട് പാസ്‌പോര്‍ട്ട് പുതുക്കിയിട്ടില്ല. അമേരിക്കയില്‍ ചെക്ക് കേസ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, വ്യാജ ലൈസന്‍സ് ചമയ്ക്കല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഷെറിന്‍ രണ്ടുവര്‍ഷക്കാലം അവിടെ ജയില്‍വാസം അനുഭവിച്ചതായും കോണ്‍സുലര്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ തങ്ങുവാനുള്ള അനുമതി ഇല്ലെന്നും ഇവര്‍ പറഞ്ഞു. ഇതോടെ നിയമവിരുദ്ധമായി ഇന്ത്യയില്‍ തങ്ങിയതിന് മറ്റൊരു കേസുകൂടി ഇനി പോലിസിന് ഷെറിന്റെ പേരില്‍ എടുക്കേണ്ടിവരും.
ഷെറിന്‍ അമേരിക്കയില്‍ എത്തിയാല്‍ ജയില്‍ ശിക്ഷ ഉറപ്പാണെന്നും അവര്‍ പറഞ്ഞു. ഷെറിന്റെ പാസ്‌പോര്‍ട്ടു സംബന്ധിച്ച് കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനായി ഇയാളെ ബംഗളൂരുവിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുവാന്‍ പോലിസ് തീരുമാനിച്ചിരുന്നു. ഫഌറ്റിലെത്തി പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും അറിഞ്ഞതോടെ ഇനി ബംഗഌരുവിലേക്ക് കൊണ്ടുപോവേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്നുമുതല്‍ ഷെറിനെ കൊലപാതകവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it