Flash News

ഷുക്കൂര്‍ വധക്കേസ്ഒരു മാസത്തിനകം അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: സിപിഎം പ്രവര്‍ത്തകര്‍ തടവിലാക്കി ‘പാര്‍ട്ടി കോടതി’വിചാരണ നടത്തി വധശിക്ഷ വിധിച്ച് വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി സിബിഐക്ക് കര്‍ശന നിര്‍ദേശം നല്‍കി. കേസിന്റെ അന്തിമ വാദം സപ്തംബറില്‍ കേള്‍ക്കാനും കോടതി തീരുമാനിച്ചു. ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം ചോദ്യംചെയ്ത് സിപിഎം നേതാവ് പി ജയരാജന്‍, ഒന്നാംപ്രതി പ്രകാശന്‍ എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
അന്വേഷണത്തിന്റെ പേരില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ജയരാജന്റെ അഭിഭാഷകര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞു. സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയ റിപോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ  അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍  ആദ്യം ജഡ്ജിമാര്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൈമാറാമെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന  അബ്ദുല്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നാണ് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it