Flash News

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ
X
shukoor

കൊച്ചി. സിപിഎം നേതാക്കള്‍ പ്രതികളായ ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന ഉത്തരവിന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ താല്‍ക്കാലിക സ്‌റ്റേ. ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ബെഞ്ച് ഇനിയൊരുത്തരവുണ്ടാകുന്നതു വരെ സ്‌റ്റേ ചെയ്തത്. കേസിന്റെ അന്വേഷണ നടപടികള്‍ നിര്‍ത്തിവെക്കുവാനും കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.
കേസിലെ പ്രതികളായ ടിവി രാജേഷ്, പി ജയരാജന്‍ എന്നിവരുടെ അപ്പീല്‍ പരിഗണിച്ചാണ് നടപടി.
ഷുക്കൂര്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷുക്കൂറിന്റെ ഉമ്മ പി. സി. അത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയുടെ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നത്. പ്രതികളായ ടി. വി. രാജേഷ് എംഎല്‍എയും പി. ജയരാജനും നേതാക്കളായ സിപിഎമ്മിന്റെ എതിര്‍പ്പും ഭീഷണിയും മൂലം പൊലീസ് വേണ്ടവിധം തെളിവു ശേഖരിച്ചില്ലെന്ന പരാതി അവഗണിക്കാനാവില്ലെന്നും  സ്വയംപ്രഖ്യാപിത രാജാക്കന്മാര്‍ പൊലീസിനെ ഭരിക്കാന്‍ അനുവദിച്ചാല്‍ നീതി നടത്തിപ്പ് അപകടത്തിലാകുമെന്നും തദവസരത്തില്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു.
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (21) 2012 ഫെബ്രുവരി 20ന് ആണു കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറമ്പിനു സമീപം പട്ടുവത്ത് ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കം ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തടഞ്ഞു വച്ചു കൊലപ്പെടുത്തുകയായിരുന്നു്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു രാജേഷും ജയരാജനും ചികില്‍സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാല്‍, കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ഉണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന പി. സുരേശന്‍, കെ. ബാബു, കെ. വി. വേണു, എ. വി. ബാബു എന്നീ പ്രതികള്‍ക്കെതിരെ മാത്രമാണു ഗൂഢാലോചനക്കുറ്റമുണ്ടായിരുന്നത്. മറ്റു പ്രതികള്‍ക്കൊപ്പം നേതാക്കളും ഗൂഢാലോചന നടത്തിയെന്നും കേസ് സിബിഐക്കു വിടണമെന്നുമായിരുന്നു ഷുക്കൂറിന്റെ മാതാവ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്ന് വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന ഉത്തരവാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തത്.

[related]
Next Story

RELATED STORIES

Share it