ഷുക്കൂര്‍ വധക്കേസിലും സിബിഐ; സിപിഎം ജില്ലാ നേതൃത്വവുംപി ജയരാജനും വീണ്ടും പ്രതിക്കൂട്ടില്‍

കണ്ണൂര്‍: പാര്‍ട്ടി കോടതി മുതല്‍ സാക്ഷികളുടെ മൊഴിമാറ്റ വിവാദം വരെ ഉയര്‍ന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം വരുന്നതോടെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വവും ജില്ലാ സെക്രട്ടറി പി ജയരാജനും വീണ്ടും പ്രതിക്കൂട്ടില്‍. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജന്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഏതുസമയവും അറസ്റ്റ് ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയുണ്ടായ അഗ്നിപരീക്ഷ മറികടക്കാന്‍ സിപിമ്മിനു പെടാപ്പാട് പെടേണ്ടിവരും.
2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ലീഗ് ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനെ സന്ദര്‍ശിക്കുകയായിരുന്ന പി ജയരാജന്റെയും ടി വി രാജേഷ് എംഎല്‍എയുടെയും വാഹനം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു തൊട്ടുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
കണ്ണപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കീഴറ വള്ളുവന്‍ കടവ് വയലിലൂടെ ഷുക്കൂറും സുഹൃത്തുക്കളും നടന്നുപോവുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് കൊലപ്പെടുത്തിയത്. അക്രമികളെ കണ്ട് സമീപത്തെ വീട്ടില്‍ അഭയം തേടിയ ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള നാല് എംഎസ്എഫ് പ്രവര്‍ത്തകരെ മണിക്കൂറുകളോളം ബന്ദിയാക്കിയ ശേഷം പുറത്തെത്തിച്ചാണ് കൊല നടത്തിയത്. ഇതിനിടെ ഷുക്കൂറിന്റെ ഫോട്ടോയെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് എംഎംഎസ് അയച്ചെന്നും ആരോപിക്കപ്പെട്ടിരുന്നു.
എന്നാല്‍ പോലിസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പാര്‍ട്ടി കോടതി എന്ന പ്രയോഗം ഉണ്ടായിരുന്നില്ല. ഗൂഢാലോചന നടത്തുന്നത് അറിഞ്ഞിട്ടും തടയാനോ പോലിസിനെ അറിയിക്കാനോ തയ്യാറായില്ലെന്നാണ് ജയരാജനും രാജേഷിനുമെതിരായ കുറ്റം. ഒരു വര്‍ഷത്തിനിടെ കേസുമായി ബന്ധപ്പെട്ട് പല നാടകീയ രംഗങ്ങളും അരങ്ങേറി.
ലീഗ് പ്രവര്‍ത്തകരായ രണ്ടു സാക്ഷികള്‍ തളിപ്പറമ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഏറെ ചര്‍ച്ചയായി. സത്യവാങ് മൂലത്തില്‍ ഇരുവരും ജയരാജനെതിരായ സാക്ഷിമൊഴി മാറ്റുകയായിരുന്നു. നേതാക്കള്‍ക്കെതിരേ പോലിസ് ചുമത്തിയ വകുപ്പുകള്‍ സാക്ഷികള്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പരിഭ്രമിച്ചു പോയ സാക്ഷികള്‍ കൂറുമാറി സത്യവാങ്മൂലം നല്‍കുകയായിരുന്നു. രാഷ്ട്രീയമായി തിരിച്ചടി ഭയന്ന ലീഗ് നേതൃത്വം ഇരുവരെയും സമീപിച്ച് പഴയ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെടുകയും സമ്മര്‍ദ്ദം മൂലമാണ് മൊഴിമാറ്റിയതെന്നു വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ലീഗ് നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയാണ് സാക്ഷികളെ മൊഴിമാറ്റിച്ചതെന്ന വെളിപ്പെടുത്തല്‍ ലീഗിലും പൊട്ടിത്തെറിക്കിടയാക്കിയിരുന്നു.
ഷുക്കൂറിനു ശേഷം നടന്ന ടിപി വധക്കേസില്‍ പോലിസ് അന്വേഷണം കാര്യക്ഷമമായി നടന്നതോടെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ലീഗില്‍ അമര്‍ഷം രൂക്ഷമായി. ഇതോടെയാണ് ഷുക്കൂറിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തലശ്ശേരി ഫസല്‍, വിളക്കോട് സൈനുദ്ദീന്‍, കതിരൂര്‍ മനോജ് വധക്കേസുകള്‍ക്ക് പിന്നാലെ ഷുക്കൂര്‍ വധവും സിബിഐ ഏറ്റെടുക്കുന്നതോടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ സിപിഎം ഏറെ വിയര്‍ക്കുമെന്നുറപ്പാണ്.
Next Story

RELATED STORIES

Share it