ഷീന ബോറ കേസ് മാപ്പുസാക്ഷിയാക്കണമെന്ന് ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവര്‍

മുംബൈ: ഷീന ബോറ വധക്കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്നും കൊലപാതകം സംബന്ധിച്ചു ചില വസ്തുതകള്‍ വെളിപ്പെടുത്താനുണ്ടെന്നും കേസിലെ പ്രതിയും ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവറുമായ ശ്യാംവര്‍ റായ് പ്രത്യേക സിബിഐ കോടതിയെ അറിയിച്ചു. സത്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും മാപ്പു നല്‍കണമെന്നുമഭ്യര്‍ഥിച്ചു റായ് കഴിഞ്ഞ ആഴ്ച കോടതിക്ക് കത്തെഴുതിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി അയാളെ വിളിപ്പിച്ചത്.
ഷീന ബോറയുടെ കൊലപാതകത്തില്‍ തനിക്കു പങ്കുണ്ടെന്നും ശ്വാസംമുട്ടിച്ചാണ് വധം നടപ്പാക്കിയതെന്നും റായ് പറഞ്ഞു. സത്യം വെളിപ്പെടുത്താന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമോ ഭീഷണിയോ ഇല്ലെന്നും വധകൃത്യത്തില്‍ പങ്കാളിയായതില്‍ പശ്ചാത്താപമുണ്ടെന്നും അയാള്‍ പറഞ്ഞു.
റായിയുടെ അപേക്ഷയില്‍ മെയ് 17നു മറുപടി അറിയിക്കാന്‍ സിബിഐക്ക് സ്‌പെഷ്യല്‍ ജഡ്ജി എച്ച് എസ് മഹാജന്‍ നിര്‍ദേശം നല്‍കി. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയാണ് ശ്യാംവര്‍ റായ്. ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷയില്‍ നാളെ പ്രതികരണമറിയിക്കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.
2012 ഏപ്രിലിലാണ് ഷീന ബോറ കൊല്ലപ്പെട്ടത്. ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും റായിയും ഷീനയെ ശ്വാസംമുട്ടിച്ച് കൊന്നുവെന്നാണ് കേസ്. പീറ്റര്‍ മുഖര്‍ജി, ഖന്ന, റായ്, ഇന്ദ്രാണി എന്നിവര്‍ ജയിലിലാണ്.
Next Story

RELATED STORIES

Share it