ഷീനബോറ വധക്കേസ്: സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി

മുംബൈ: ഷീന ബോറ കൊലപാതകക്കേസിലെ സാമ്പത്തികവശത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ണമാക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും വിദേശ ബാങ്ക് അക്കൗണ്ടുകളുടെ അന്വേഷണത്തിനാണ് അന്താരാഷ്ട്ര പോലിസിന്റെ സഹായം തേടിയത്.
പീറ്റര്‍ മുഖര്‍ജിയുടെ സിബിഐ കസ്റ്റഡി ഈ മാസം 30 വരെ കോടതി നീട്ടിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളാണെന്നാണ് സിബിഐ കരുതുന്നത്.
2006-07 കാലത്ത് മുഖര്‍ജി ദമ്പതികള്‍ നിരവധി കമ്പനികളിലായി 900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഷീന ബോറയുടെ പേരില്‍ സിംഗപ്പൂര്‍ എച്ച്എസ്ബിസി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും പങ്കാളികളായ കമ്പനിയില്‍നിന്ന് പണം മാറ്റിയിരുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍സിങ് കോടതിയെ അറിയിച്ചു. മുഖര്‍ജിമാരുടെയും ഷീന ബോറയുടെയും എച്ച്എസ്ബിസി ബാങ്കിലുള്ള അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതായും സിബിഐ കോടതിയെ അറിയിച്ചു. സിംഗപ്പൂര്‍ ഡിബിഎസ് ബാങ്കിലെ ജീവനക്കാരി ഗായത്രി അഹൂജയാണ് എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇന്ദ്രാണിയെ സഹായിച്ചത്.
ഹോങ്കോങിലെയും സിംഗപ്പൂരിലെയും മറ്റ് ബാങ്കുകളിലും ഇന്ദ്രാണി, ഷീനയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പീറ്റര്‍ പറഞ്ഞതായും സിബിഐ അറിയിച്ചു. കേസ് സംബന്ധമായി ചില സുപ്രധാന വിവരങ്ങളും രേഖകളും കണ്ടെത്തിയതായി സിബിഐ അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it