ഷിബു വധം: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ആര്‍എസ്എസിനോട് സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ ചേര്‍ത്തലയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിബുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
എ എം ആരിഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യുഎപിഎ ചുമത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന്‍ പി ജയരാജന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പി ജയരാജനെതിരേ യുഎപിഎ ചുമത്തിയത് കേരളാ പോലിസ് അല്ലെന്നും സിബിഐ ആണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആലപ്പുഴയിലെ ഷിബുവിന്റ മരണം രാഷ്ട്രീയ കൊലപാതകമല്ലെന്നും മയക്കുമരുന്ന് സംഘത്തിനെതിരേ പരാതി നല്‍കിയതുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടര്‍ന്നാണെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
ആലപ്പുഴ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് മൊബൈല്‍ പട്രോളിങ്ങും പോലിസ് പിക്കറ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പി ജയരാജനെതിരായ കേസില്‍ സര്‍ക്കാരിന് ബന്ധമില്ലെന്നും സിബിഐയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഷിബുവിനെ മന്ത്രി അപമാനിക്കുകയാണെന്നാരോപിച്ച് മുദ്രാവാക്യംവിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it