kozhikode local

ഷിബിന്‍ വധം: വാദം കേള്‍ക്കല്‍ 11ന്  മാറാട് പ്രത്യേക കോടതിയില്‍

കോഴിക്കോട്: തൂണേരി വെല്ലൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സി കെ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഈ മാസം 11ലേക്ക് മാറ്റി. മാറാട് പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 18ന് അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റിയാടി സി ഐ ദിനേശ് കോറോത്ത് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മുന്‍നിര്‍ത്തിയാണ് വാദം നടക്കുക. കേസ് മാറാട് പ്രത്യേക കോടതിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു.
കൊലപാതകം, വധശ്രമം, മാരകായുധങ്ങള്‍ കൊണ്ട് മനപ്പൂര്‍വം പരിക്ക് ഏല്‍പ്പിക്കല്‍, കലാപം ഉണ്ടാക്കല്‍, കുറ്റവാളികളെ ഒളിപ്പിക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പിച്ചിട്ടുള്ളത്.
2005 ജനുവരി 22 രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് 18 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. തെയ്യന്‍പടി മീത്തലെ പനച്ചിക്കണ്ടി ഇസ്മാഈല്‍, സഹോദരന്‍ മുനീര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കാളിയാറമ്പത്ത് അസ്ലം, വാരാങ്കിതാഴെകുനി സിദ്ദിഖ്, കൊച്ചന്റവിടെ ജസീം, കടയംകോട്ടമ്മല്‍ സമദ് എന്ന അബ്ദുസമദ്, കളമുള്ള താഴെകുനി ഷുഹൈബ്, മഠത്തില്‍ ഷുഹൈബ്, മൊട്ടമ്മല്‍ നാസര്‍, ചക്കോടത്തില്‍ മുസ്തഫ എന്ന മുത്തു, എടാട്ടില്‍ ഹസ്സന്‍. കളിയാണ്ടിപ്പാലം രാമത്ത് യൂനുസ്, കല്ലേരിന്റവിടെ ഷഫീഖ്, മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിം കുട്ടി, വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ല്യാര്‍, പൂവുള്ളതില്‍ അഹമ്മദ് ഹാജി എന്നിവരാണ് കൂട്ടുപ്രതികള്‍.
കോസിലെ ഒന്‍പതാം പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്. 110 സാക്ഷികളാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത 71 സാധനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ ലാബുകളില്‍ നിന്നുള്ള ഫോറന്‍സിക് റിപോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it