ഷാഹുല്‍ഹമീദിന്റെ മൃതദേഹം ഖബറടക്കി: കുടക് സാധാരണനിലയിലേക്ക്

സാദിഖ് ഉളിയില്‍

മടിക്കേരി: കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പുസുല്‍ത്താന്‍ ജന്മദിനാചരണത്തോടനുബന്ധിച്ച് വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറിയ കുടക് ജില്ല സാധാരണനിലയിലേക്ക്. ഇന്നലെ എവിടെനിന്നും അനിഷ്ടസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ടിപ്പു ജന്മദിനാചരണത്തിനെതിരേ സംഘപരിവാരസംഘടനകള്‍ നടത്തിയ ആക്രമണത്തിനിടെ ജില്ലാ നേതാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇന്നലെ അവസാനിച്ചിരുന്നു. മടിക്കേരി, കുശാല്‍നഗര്‍, വീരാജ്‌പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പട്ടണങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു.
സംഘര്‍ഷത്തിന് അയവുവന്നെങ്കിലും ഏതുസമയവും അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാന നഗരങ്ങളില്‍ ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള സായുധസേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. അക്രമം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായി നേരിടാനാണ് പോലിസ് തീരുമാനം.
അതേസമയം, ടിപ്പു ജന്മദിനാചരണത്തില്‍ പങ്കെടുത്ത് മടിക്കേരിയില്‍നിന്ന് തിരിച്ചുപോകവെ ചെട്ടള്ളി അമ്പ്യാലയില്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ച സിദ്ധാപുരം ഗൂഢുഗദ്ദയിലെ ഷാഹുല്‍ഹമീദി(22)ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നെല്യഹൃദുക്കേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.അബ്ദുന്നാസിറാണ് ഷാഹുലിന്റെ പിതാവ്. മാതാവ്: ഉമ്മുകുല്‍സു. സഹോദരങ്ങള്‍: റംസീന, റൗഫീന.
പരേതനോടുള്ള ആദരസൂചകമായി സിദ്ധാപുരം, കടങ്ക, നാപോക്കുലു, നെല്യഹൃദുക്കേരി, കൊട്ടമുടി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഷാഹുലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. ഷാഹുലിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അക്രമത്തിനിടെ മരിച്ച വിഎച്ച്പി ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി വി ഡി കുട്ടപ്പയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കുട്ടപ്പയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്നു കര്‍ണാടക ബന്ദ് നടത്തുമെന്ന് ബിജെപി നേതാക്കള്‍ ബംഗളൂരുവില്‍ അറിയിച്ചിട്ടുണ്ട്.
അതെസമയം സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുന്നും ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു.
Next Story

RELATED STORIES

Share it