ഷാര്‍ജ പുസ്തകമേള; ഇന്ത്യയില്‍ നിന്ന് പ്രമുഖര്‍ പങ്കെടുക്കും

ദുബൈ: 34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2015 ല്‍ ഇന്ത്യയില്‍ നിന്ന് പ്രമുഖര്‍ പങ്കെടുക്കുമെന്ന രവി ഡീസിയും മോഹന്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നവംബര്‍ നാല് മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാലിന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള കലാ, സാംസ്‌കാരിക, സാഹിത്യരംഗങ്ങളിലെ നിരവധി വ്യക്തിത്വങ്ങള്‍ പുസ്തകമേളയില്‍ പങ്കെടുക്കും.
സുധാ മൂര്‍ത്തി, നിതാ മേത്ത, സുബ്രതോ ബാക്ച്ചി, രുചുത ദിവേകര്‍, സുസ്മിത ബാക്ച്ചി, ഗുര്‍ചരണ്‍ ദാസ്, ടി എന്‍ മോഹന്‍, ദര്‍ജോയ് ദത്ത, വൈരമുത്തു, കെ സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ ആര്‍ ടോണി, ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ടി പത്മനാഭന്‍, ബാലചന്ദ്ര മേനോന്‍, മോഹന്‍ലാല്‍, ടി ഡി രാമകൃഷ്ണന്‍, പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍ എസ് വിമല്‍, ഷെമി, എന്‍ എസ് മാധവന്‍, ഷാഹിന ബഷീര്‍, പി പി റഷീദ്, ഡോ. ഡി ബാബു പോള്‍, ഡോ. വി പി ഗംഗാധരന്‍, ചിത്ര ഗംഗാധരന്‍, ഉമ്മി അബ്ദുല്ല, ഫൈസ മൂസ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നുള്ളത്.
നവംബര്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ 11.30 വരെ ബെന്‍ ഒക്രി വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകുന്നേരം കോണ്‍ഫറന്‍സ് ഹാളില്‍ സുധാ മൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്യും. ആറിന് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകിട്ട് അഞ്ച് മുതല്‍ ആറു വരെ നടക്കുന്ന പരിപാടിയില്‍ ഷെമി പങ്കെടുക്കും. തുടര്‍ന്ന് മീറ്റ് ദി ഓതര്‍ പരിപാടിയില്‍ എന്‍ എസ് മാധവന്‍ പങ്കെടുക്കും. വൈകിട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന ബഷീറിനെക്കുറിച്ചുള്ള ഒര്‍മകള്‍ പങ്കുവക്കും.

ബോള്‍ റൂമില്‍ വൈകിട്ട് എട്ടു മുതല്‍ ഒമ്പത് വരെ നടക്കുന്ന കാവ്യ സന്ധ്യയില്‍ കെ സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ ആര്‍ ടോണി പങ്കെടുക്കും. ഒമ്പത് മുതല്‍ 10 വരെ പ്രശസ്ത ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി സദസിനെ അഭിസംബോധന ചെയ്യും. ഏഴിന് വൈകുന്നേരം ആറിന് മുഖാമുഖം പരിപാടിയില്‍ ടി പത്മനാഭന്‍ പങ്കെടുക്കും. 7.30 മുതല്‍ 8.30 വരെ സുബ്രദോ ബാക്ച്ചിയുമായുള്ള ടോക് ഷോ നടക്കും. തുടര്‍ന്ന് രുചുത ദിവേകര്‍ സദസിനെ അഭിസംബോധന ചെയ്യും. വൈകിട്ട് ഒമ്പതിന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ അനുഭവങ്ങള്‍ പങ്കുവെക്കും.
എട്ടിന് ബോള്‍ റൂമില്‍ സുബ്രതോ ബാക്ച്ചി, സുസ്മിത ബാക്ച്ചി എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. കോണ്‍ഫറന്‍സ് ഹാളില്‍ ഗുര്‍ചരണ്‍ ദാസ് സദസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ബോള്‍ റൂമില്‍ വൈകിട്ട് സി എ ടി. എന്‍ മനോഹരന്‍ പങ്കെടുക്കുന്ന സി എഫ് ഒ മീറ്റ് നടക്കും. ഒമ്പതിന് ബോള്‍ റൂമില്‍ രാവിലെ ഗുര്‍ചരണ്‍ ദാസ് വിദ്യാര്‍ഥികളുമായി സംവദിക്കും. 8.30ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ 35 വര്‍ഷം നീണ്ട സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കും. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ പുസ്തക പ്രകാശനം പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍ എസ് വിമല്‍, പി പി റഷീദ് എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കും.
10ന് വിദ്യാര്‍ഥികളുമായി ദര്‍ജോയ് ദത്ത സംവദിക്കും. 11ന് ഡോ. ഡി ബാബുപോള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകിട്ട് എട്ടിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന് ശ്രദ്ധാഞ്ജലി അര്‍പിച്ച് ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി എന്നിവര്‍ സംസാരിക്കും. അബ്ദുള്‍ കലാമിന്റെ അവസാനത്തെ പുസ്തകം അഡ്‌വാന്റേജ് ഇന്ത്യ ചടങ്ങില്‍ പ്രകാശിപ്പിക്കും.
12ന് പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ. വി പി ഗംഗാധരനും ഭാര്യ ചിത്ര ഗംഗാധരനും കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് അര്‍ബുദവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇരുവരും ഉത്തരം നല്‍കും. 13ന് വൈകുന്നേരം ഡോ. ഡി ബാബുപോള്‍ സദസുമായി സംവദിക്കും.
വൈകിട്ട് പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലായ ഫ്രാന്‍സിസ് ഇട്ടിക്കോരയെക്കുറിച്ച് സംസാരിക്കും. വൈകിട്ട് ഒമ്പതിന് കവിയും ഗാനരചയിതാവുമായ വൈരമുത്തു പങ്കെടുക്കുന്ന പരിപാടി യുമുണ്ടാകും.
Next Story

RELATED STORIES

Share it