ഷാര്‍ജ പുസ്തകമേളയ്ക്ക് ഇന്നു തുടക്കം

കബീര്‍ എടവണ്ണ

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നു തുടക്കം. ഇന്ത്യയടക്കം 77 രാജ്യങ്ങളില്‍ നിന്നായി 20 ദശലക്ഷം പുസ്തകങ്ങളുമായി 1,874 പ്രസാധകരാണ് മേളയിലെത്തിയിരിക്കുന്നത്. 37ാമത് പുസ്തകമേളയില്‍ ജപ്പാനെ മുഖ്യാതിഥിയായിട്ടാണ് ആദരിക്കുന്നത്. യുഎഇ സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ഇന്നു രാവിലെ 10 മണിക്ക് മേള ഉദ്ഘാടനം ചെയ്യുക. വിവിധ രാജ്യങ്ങളിലെ 472 പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന 1800 സാംസ്‌കാരിക ചടങ്ങുകളാണ് മേളയിലൊരുക്കിയത്. ഇന്ത്യയില്‍ നിന്ന് 100ലധികം പ്രസാധകര്‍ ഈ വര്‍ഷവും ഷാര്‍ജയിലെത്തിയിട്ടുണ്ട്. നവംബര്‍ 10 വരെയാണു മേള.
നൊബേല്‍ സമ്മാന ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഹറൂകി മുറുകാമി, അമേരിക്കന്‍ സാമൂഹികപ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ജെയിംസ് പാര്‍ക്കിന്‍സണ്‍, നൈജീരിയന്‍ എഴുത്തുകാരന്‍ ചെക്കുവോ ഓഫില്‍, ബ്രിട്ടനിലെ പുരസ്‌കാരജേതാവും സോഷ്യല്‍ മീഡിയ എഡിറ്ററുമായ എമ്മ ഗാനോന്‍, ദക്ഷിണാഫ്രിക്കയിലെ കോമഡി എഴുത്തുകാരി ലൗറീന്‍ ബ്യൂക്കസ് തുടങ്ങിയവര്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകരുടെ കൃതികളടക്കം നൂറുകണക്കിന് പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുക.
ഇന്ത്യയില്‍ നിന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍, സിനിമാനടനും സംവിധായകനുമായ പ്രകാശ് രാജ്, പ്രമുഖ പ്രചോദനപ്രാസംഗികനായ ഗൗര്‍ ഗോപാല്‍ ദാസ്, ശശി തരൂര്‍, എല്‍ സുബ്രഹ്മണ്യം, മനു എസ് പിള്ള, നന്ദിതദാസ്, കനിമൊഴി, ചേതന്‍ഭഗത്, യു കെ കുമാരന്‍, കെ വി മോഹന്‍കുമാര്‍ ഐഎഎസ്, സന്തോഷ് എച്ചിക്കാനം, എരഞ്ഞോളി മൂസ, മനോജ് കെ ജയന്‍, സന്തോഷ് അന്നംകുട്ടി ജോസ്, റണ്‍വീര്‍ ബ്രാര്‍, ഷിപ്ര ഖന്ന, സുഹ അലി ഖാന്‍, ഫ്രാ ന്‍സിസ് നൊറോണ, ദീപ നിഷാന്ത്, എം പി അബ്ദുസ്സമദ് സമദാനി, ലില്ലി സിങ്, റസൂല്‍ പൂക്കുട്ടി, പെരുമാള്‍ മുരുകന്‍, ലതിക ജോര്‍ജ്, ആന്‍സി മാത്യു, അന്‍വര്‍ അലി, സിസ്റ്റര്‍ ജെസ്മി തുടങ്ങിയവര്‍ വിവിധ ചടങ്ങുകളിലായി വായനക്കാരുമായി സംവദിക്കും.

Next Story

RELATED STORIES

Share it