ഷാരൂഖ് ഖാന്‍ ഹാഫിസ് സഈദിനെ പോലെ: ആദിത്യനാഥ്

ലഖ്‌നോ: ഷാരൂഖ് ഖാന്‍ മുംബൈ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദിനെ പോലെയാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. രാജ്യത്ത് അസഹിഷ്ണുത രൂക്ഷമാണെന്ന പ്രസ്താവന നടത്തിയശേഷം ഷാരൂഖ് ഖാനെതിരേ രംഗത്തെത്തുന്ന മൂന്നാമത്തെ സംഘപരിവാര നേതാവാണ് ആദിത്യനാഥ്.
ഷാരൂഖും ഹാഫിസ് സയ്യിദും തീവ്രവാദത്തിന്റെ ഒരേ ഭാഷയാണു സംസാരിക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു.ഷാരൂഖിന് പാകിസ്താനില്‍ പോവാം. രാജ്യത്തെ ഭൂരിപക്ഷ സമുദായം ഷാരൂഖിന്റെ സിനിമകള്‍ ബഹിഷ്‌കരിച്ചാല്‍ അദ്ദേഹം തെരുവിലൂടെ അലയേണ്ടിവരുമെന്നും എംപി പറയുന്നു. ഇടത് പ്രത്യയശാസ്ത്രം പുലര്‍ത്തുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മതേതരത്വത്തിന്റെ പേരില്‍ ദേശവിരുദ്ധതയാണു പ്രചരിപ്പിക്കുന്നതെന്നും ഷാരൂഖ് അതില്‍ ചേര്‍ന്നതു ദൗര്‍ഭാഗ്യകരമാണെന്നും അദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ആദിത്യനാഥിന്റെ പ്രസ്താവനയെ അപലപിക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രസ്താവന സാമുദായിക സംഘര്‍ഷത്തിനു കാരണമാവുമെന്ന് ഭയപ്പെടുത്തുന്നതായി കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാരൂഖ് ഖാനോട് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു.
അതേസമയം ആദിത്യനാഥിന്റെ പ്രസ്താവന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ബിജെപി പ്രതികരിച്ചു.ഷാരൂഖ് ഖാന്‍ ദേശവിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ ആത്മാവ് പാകിസ്താനിലാണെന്നും മറ്റൊരു ബിജെപി നേതാവ് കൈലാഷ് വിജയവാര്‍ഗിയ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചു. ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റ് ആണെന്നു വിവാദ ഹിന്ദുത്വ നേതാവായ സ്വാധി പ്രാചിയും പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it