ഷാരൂഖ് ഖാനെതിരേ സംഘപരിവാരം; പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരേയുള്ള സംഘപരിവാര നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടിയ കുടുംബത്തിലെ ഒരാള്‍ എങ്ങനെയാണ് പാകിസ്താന്‍ ഏജന്റാവുകയെന്ന് കോ ണ്‍ഗ്രസ് ചോദിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ബിജെപി നേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തില്‍ നിന്നുള്ള ഷാരൂഖ് ഖാനെ പാക് ഏജന്റായി ചിത്രീകരിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് റഷീദ് അല്‍വി കുറ്റപ്പെടുത്തി. ഷാരൂഖ് ഖാന്‍ പാകിസ്താനിലേക്കു പോവണമെന്നു പറയുന്നവരുടെ കുടുംബത്തില്‍ നിന്ന് എത്രപേര്‍ രാജ്യത്തിനു വേണ്ടി പോരാടിയുണ്ടെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ അസഹിഷ്ണുതയ്‌ക്കെതിരേ തന്റെ 50ാം ജന്മദിനത്തില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി, വിഎച്ച്പി നേതാക്കള്‍ ഷാരൂഖ് ഖാനെതിരേ രംഗത്തുവരുകയായിരുന്നു. ഷാരൂഖ് ഖാന്റെ താമസം ഇന്ത്യയിലും ഹൃദയം പാകിസ്താനിലുമാണെന്നായിരുന്നു ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ പ്രതികരണം. ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചിയും പറഞ്ഞിരുന്നു. ഇതിനെതിരേയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.
ഷാരൂഖ് ഖാനോട് പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കോ ണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. ഷാരൂഖ് ഖാന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ അദ്ദേഹം പാകിസ്താനിലേക്കു പോവണമെന്നു പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യം ഷാരൂഖ് ഖാനില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ സഹിഷ്ണുതയും പുരോഗതിയുമുള്ള ഇന്ത്യക്കു സഹായകമാവട്ടെ എന്നുമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അപലപനീയമാണെന്നും ആര്‍ക്കും ഒരു വ്യക്തിയെ പാകിസ്താനിലേക്ക് അയക്കാനുള്ള അധികാരമില്ലെന്നും കോ ണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പ്രതികരിച്ചു. ആരെങ്കിലും തന്റെ അഭിപ്രായം തുറന്നുപറഞ്ഞാല്‍ അവരെ പാകിസ്താനിലേക്ക് അയക്കുന്നവര്‍ പാകിസ്താന്‍ വിനോദസഞ്ചാരത്തിന്റെ അംബാസഡര്‍മാരാണൊ എന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപി നേതാക്കളുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ സാംസ്‌കാരിക-ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരേ നിലപാടെടുത്ത പ്രശസ്ത നടന്‍ അനുപം ഖേറും ഷാരൂഖ് ഖാനെ പിന്തുണച്ചു രംഗത്തെത്തി.
ബിജെപി നേതാക്കള്‍ തങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും നേതാക്കള്‍ വിഡ്ഢിത്തം പറയുന്നത് അവസാനിപ്പിക്കണമെന്നും ഷാരൂഖ് രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതിനിടെ മുസ്‌ലിമായതിന്റെ പേരില്‍ ഷാരൂഖ് ഖാനെ വിമര്‍ശിക്കുന്നതു ശരിയല്ലെന്ന് ശിവസേനയും വ്യക്തമാക്കി. അതേസമയം, പ്രസ്താവന വിവാദമായതോടെ താന്‍ ട്വിറ്ററില്‍ കുറിച്ച പരാമര്‍ശം ചിലര്‍ വളച്ചൊടിക്കുകയായിരുന്നെന്ന വിശദീകരണവുമായി രംഗത്തെത്തിയ കൈലാഷ് വിജയ് വാര്‍ഗിയ തന്റെ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍, പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ താരമാവാന്‍ ഷാരൂഖ് ഖാന് കഴിയില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി നടപടി അപലപനീയം: സുധീരന്‍

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രതാരം ഷാരൂഖ് ഖാനെ ആക്ഷേപിക്കുന്ന ബിജെപി നേതാക്കളുടെ നടപടി അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
ഷാരൂഖ് ഖാനെപ്പോലുള്ള പ്രശസ്തരും ജനപ്രിയരുമായ കലാകാരന്മാരെ ആക്ഷേപിക്കുന്ന യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it