malappuram local

ഷാബാസിന്റെ കണ്ണീര് കാണാതെ പൊന്നാനി നഗരസഭ

പൊന്നാനി: നിത്യരോഗിയായ ഷാബാസിന്റെയും  കുടുംബത്തിന്റെയും കണ്ണുനീര്‍ കാണാതെ പൊന്നാനി നഗരസഭ .നിരവധിതവണ നഗരസഭയുടെ വാതിലുകള്‍ക്ക് മുന്നില്‍ മുട്ടിയെങ്കിലും കാരുണ്യത്തിന്റെ കൈകള്‍ ഇവര്‍ക്ക് നേരെ നീണ്ടില്ല. പതിനാറുകാരനായ ഷബാസ്  പൊന്നാനി നഗരസഭയിലെ 26 -ാം വാര്‍ഡിലെ കൊളക്കോട് റോഡിനു സമീപത്തെ വീട്ടില്‍ അജ്ഞാത രോഗം വന്നു തളര്‍ന്നു കിടക്കുകയാണ് .ലക്ഷങ്ങള്‍ ചെലവഴിച്ച് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും  വിജയം കണ്ടില്ല.  ഓരോ ഡോക്ടര്‍മാര്‍ പോലും രുന്നു  പൊന്നാനി എംഐ സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ച മിടുക്കന്‍  ഒന്‍പതാം ക്ലസ്സ് മുതല്‍ കണ്ട  അപസ്മാരം പോലുള്ള രോഗമാണ് ഷാബാസിന്റെ ജീവിതം തകര്‍ത്തത്.കഴിഞ്ഞ രണ്ടാഴ്ചയായി  ഷാബാസിനെ രോഗം  പൂര്‍ണമായും തളര്‍ത്തികളഞ്ഞനിലയിലാണ്. തിരുവന്തപുരം ശ്രീ ചിത്തിരയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെങ്കിലും രോഗം  കണ്ടെത്താനായിട്ടില്ല.  സംസാരശേഷിയും ബോധവും നഷ്ടമായ ഷാബാസിനെ കഴിഞ്ഞ ആഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും മടക്കി. മൂകനും ബധിരനുമായ പിതാവ് സലീം തേങ്ങ പൊളിക്കുന്ന ജോലി ചെയ്താണ് കുടുംബം കഴിഞ്ഞു കൂടുന്നത്. ഉമ്മ ഉമൈബയും മൂന്ന് വയസുള്ള അനിയനുമാണ് വീട്ടിലുള്ളത്. ആറു സെന്റ് ഭൂമിയിലെ വീട്ടില്‍ നിന്നും ഷബാബിനെ തോളില്‍ ഏറ്റി മൂന്ന് അടി മാത്രം വീതിയുള്ള നടവഴിയിലൂടെ 600 മീറ്ററിലധികം നടന്നാണ് പിതാവ് സലീം അശുപത്രിയിലേക്ക് കൊണ്ടു പോവുന്നത്.   രോഗം വര്‍ധിക്കുമ്പോള്‍ വേഗം  ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരു ഗതാഗത മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥ. നഗരസഭാ ഫണ്ട് ഉപയോഗിച്ച്, സമീപത്തെ ഇടത്തോട് നികത്തി രണ്ട് വീടുകളിലേക്കായി വാര്‍ഡ് മെമ്പര്‍ റോഡ് നിര്‍മിച്ചെങ്കിലും ഈ കുട്ടിയുടെ വീടിലേക്ക് വഴിയൊരുക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോട് നികത്തി നിര്‍മിച്ച പാതയില്‍ നിന്നും 10മീറ്റര്‍ ദൂരത്തില്‍  സ്ലാബ് ഇട്ടാല്‍ ഷഹബാസിന് അനുഗ്രഹമാവും. എന്നാല്‍ പാര്‍ട്ടി അനുഭാവി ആല്ലെന്ന കാരണത്താല്‍ ഷാബാസിനെയും കുടുംബത്തെയും ഗതാഗത സൗകര്യം പോലും നല്‍കാതെ അവഗണിച്ചിരിക്കുകയാണ്. വീടിനു പിന്‍വശത്തെ തോടിനു മുകളിലൂടെ 10മീറ്റര്‍ നീളത്തില്‍ സ്ലാബിട്ടു പാതയൊരുക്കാന്‍  അധികൃതര്‍  തയ്യാറാകണമെന്നാണ് നഗരസഭയോട് ഈ കുടുംബം ആവശ്യപ്പെടുന്നത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഷാബാസിന്റെ സുഹൃത്തുക്കളും സമീപവാസികളായ യുവാക്കളും വാര്‍ഡ് മെമ്പറെ സമീപിച്ചെങ്കിലും  മുഖം തിരിച്ചു. ഷാബാസിന് ചികിത്സ ഒരുക്കിയിലെങ്കിലും  വഴിയെങ്കിലും  നഗരസഭക്ക്  ഒരുക്കിത്തന്നൂടെ എന്നാണ് ഇവരുടെ ചോദ്യം . മനുഷ്യത്വത്തിന്റെ പേരിലെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Next Story

RELATED STORIES

Share it