Flash News

ഷാനിമോളെ തഴഞ്ഞത് മാണി- കോണ്‍ഗ്രസ് ധാരണപ്രകാരം

എം എം സലാം

ആലപ്പുഴ: രാജ്യസഭാ സീറ്റിലേക്ക് അവസാന നിമിഷം വരെ പരിഗണിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയും എഐസിസി സെക്രട്ടറിയുമായ ഷാനിമോള്‍ ഉസ്മാന്റെ പേര് വെട്ടിയത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് മാണിയുമായുണ്ടാക്കിയ രഹസ്യ ധാരണയിലൂടെ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ലഭിക്കാന്‍ ഒരുമാസം മുമ്പു തന്നെ രാജ്യസഭാ സീറ്റ് കേരളാ കോ ണ്‍ഗ്രസ്സിനു നല്‍കാമെന്ന കാര്യത്തില്‍ മൂവരും ധാരണയിലെത്തി. മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണില്‍ പൊടിയിടാനായി ഇവര്‍ ഡല്‍ഹിയിലെത്തുകയും ചര്‍ച്ച നടത്തിയ ശേഷമാണ് സീറ്റ് വിട്ടുനല്‍കുന്നതെന്നതരത്തിലുള്ള നാടകം കളിച്ച് പിരിയുകയുമായിരുന്നു.
കോണ്‍ഗ്രസ്സിനുള്ളില്‍ നാളുകളായി നിരന്തരം തഴയപ്പെട്ടിരുന്ന ഷാനിമോള്‍ ഉസ്മാന് ഇത്തവണ രാജ്യസഭാ സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിലെ ഭൂരിഭാഗം പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായിരുന്നു. രാഹുല്‍ഗാന്ധിയുമായുള്ള അടുപ്പവും ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കമുള്ളവരുടെ പിന്തുണ ഷാനിമോള്‍ക്ക് ഉണ്ടായിരുന്നു. ഒരിക്കല്‍ ആലപ്പുഴ നഗരസഭ അധ്യക്ഷയായതൊഴിച്ചാല്‍ മറ്റു പാര്‍ലമെന്ററി പദവികളൊന്നും ഷാനിമോള്‍ക്കു ലഭിച്ചിട്ടില്ല. ഓരോ തിരഞ്ഞെടുപ്പിലും തീരെ ജയസാധ്യതയില്ലാത്ത സീറ്റ് മാത്രമായിരുന്നു ഷാനിമോള്‍ക്കു നല്‍കിയത്. മഹിളാ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷയായ ഷാനിമോളുടെ നേതൃപാടവവും സംഘാടനമികവുമെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കോണ്‍ഗ്രസ്സില്‍ മുസ്‌ലിം സമുദായത്തിന് പ്രത്യേകിച്ച് മുസ്‌ലിം വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി നേരത്തേ നിലവിലുണ്ട്. എഐസിസി, കെപിസിസി അംഗമായിരുന്ന നഫീസത്ത് ബീവി, ജമീല ഇബ്രാഹീം തുടങ്ങി പ്രാഗല്ഭ്യം തെളിയിച്ച മുസ്‌ലിം വനിതാ നേതാക്കള്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. അവരും അക്കാലത്ത് തഴയപ്പെട്ടു. നഫീസത്ത് ബീവി 1960ല്‍ ആലപ്പുഴയില്‍ നിന്നു മല്‍സരിച്ചു ജയിച്ച് ഒരുതവണ മാത്രം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നേടി. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലടക്കം ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്ത ന്യൂനപക്ഷങ്ങളെ തിരികെ കോണ്‍ഗ്രസ്സിലേക്ക് ആകര്‍ഷിക്കാനും ഷാനിമോള്‍ ഉസ്മാന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനു കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിച്ചു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് കോണ്‍ഗ്രസ്സുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച കെ എം മാണിയെ കഴിഞ്ഞ മെയ് 20ന് പാലായിലെ വസതിയില്‍ ചെന്നുകണ്ട യുഡിഎഫ് നേതൃത്വം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്തുണ ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ പിന്തുണച്ചാല്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു ധാരണകള്‍ക്കെല്ലാം ഇടനിലക്കാരനായത്. രാജ്യസഭാ സീറ്റ് ലഭിച്ചാല്‍ ലോക്‌സഭയില്‍ ഒരുവര്‍ഷം മാത്രം കാലാവധിയുള്ള മകന്‍ ജോസ് കെ മാണിയുടെ രാഷ്ട്രീയഭാവി ഭദ്രമാവുമെന്നതിനാല്‍ കെ എം മാണി സമ്മതമറിയിച്ചു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനായി മൂന്നുമാസം മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങി പ്രചാരണരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഈ ധാരണയ്ക്കു ശേഷമാണ് മാണി പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെ സകല പ്രതീക്ഷകളും തകിടം മറിച്ച് ചെങ്ങന്നൂരില്‍ മാണി വിഭാഗത്തിന്റെ വോട്ട് അപ്രസക്തമായി. യുഡിഎഫ് വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. മാണിക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമാവുകയും ചെയ്തു.
Next Story

RELATED STORIES

Share it