ernakulam local

ഷാഡോ പോലിസ് ചമഞ്ഞ് തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍

കൊച്ചി: ഷാഡോ പോലിസ് ചമഞ്ഞ് മറൈന്‍ ഡ്രൈവിലും കൊച്ചി നഗരത്തിന്റ വിവിധ സ്ഥലങ്ങളിലും പലവിധത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയ രണ്ടുപേരെ കൊച്ചി സിറ്റി ഷാഡോ പോലിസ് എസ് ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കോട്ടയം വൈക്കം വെള്ളൂര്‍ തണ്ണിപ്പള്ളി സിഎംഎസ് എല്‍പി സ്‌കൂളിനു സമീപം പേങ്ങാട്ടുവീട്ടില്‍ മനു(25), കണ്ണൂര്‍ തളിപ്പറമ്പ് കോറം ഇരൂര്‍ദേവി സഹായം യുപി സ്‌കൂളിനു സമീപം കണ്ണക്കാഞ്ചേരി വീട്ടില്‍ രഞ്ജിത്ത്(32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്നും പോലിസിന്റെയും നേവിയുടേയും ഇന്ത്യന്‍ ആര്‍മിയുടേയും വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകളും പിടിച്ചെടുത്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികളെ പോലിസ് ആണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ യഥാര്‍ഥ ഷാഡോ പോലിസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി സമ്മതിച്ചതായും പോലിസ് പറഞ്ഞു.
മറൈന്‍ ഡ്രൈവിലും വാക് വേയിലും വന്നിരിക്കുന്ന കമിതാക്കളില്‍നിന്നും വിവരം വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി സ്ഥിരമായി പണം തട്ടിയെടുക്കാറുണ്ടെന്നും ഇവര്‍ പോലിസിനോടു സമ്മതിച്ചു. പോലിസ് ചമഞ്ഞ് തട്ടിപ്പു നടത്തിയതിന് മനുവിനെതിരേ വൈക്കം, തലയോലപ്പറമ്പ് പോലിസ് സ്‌റ്റേഷനുകളിലും സദാചാരപോലിസ് ചമഞ്ഞ് തട്ടിപ്പു നടത്തിയതിന് വൈക്കം പോലിസ് സ്‌റ്റേഷനിലും കേസുള്ളതാണ്. പോലിസ് ചമഞ്ഞ് ഒരു സംഘം തട്ടിപ്പു നടത്തുന്നതായി കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ എം പി ദിനേശ് ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മറൈന്‍ ഡ്രൈവിലും വാക്‌വേയിലും പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പോലിസ് ആണെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടാവുന്നതാണ്. കൊച്ചി സിറ്റി ഷാഡോ പോലിസിനു മാത്രമായി പ്രത്യേക തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും ഈ കാര്‍ഡിന്റെ മാതൃക പൊതുജനങ്ങള്‍ക്ക് തിരിച്ചറിയുന്നതിനാല്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഉടന്‍തന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വിലാസന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാജി, ബെന്നി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ കെ ജി ബാബുകുമാര്‍, സെന്‍ട്രല്‍ സി ഐ വിജയകുമാര്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it