Flash News

ഷാക്കിരിക്കും ഷാക്കെയ്ക്കും പിഴശിക്ഷ മാത്രം; തുക അടയ്ക്കുമെന്ന് കൊസോവ

മോസ്‌കോ: സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ വിജയഗോളുകള്‍ നേടിയ ശേഷം കൊസോവ പതാകയിലെ ചിഹ്നത്തിന്റെ ആംഗ്യം കാണിച്ചതിനു താരങ്ങള്‍ക്കെതിരായ നടപടി ഫിഫ പിഴയില്‍ ഒതുക്കി. നേരത്തേ രണ്ടു മല്‍സരങ്ങളില്‍ നിന്നുള്ള വിലക്കാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 10,000 സ്വിസ് ഫ്രാങ്ക് വീതം പിഴ നല്‍കിയാല്‍ മതിയെന്നു ഫിഫ തീരുമാനിക്കുകയായിരുന്നു. ഇവരെ കൂടാതെ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ലിച്ചന്‍സ്റ്റെയ്‌നറിനും പിഴ നല്‍കിയിട്ടുണ്ട്.
ഷാക്കെയും ഷാക്കിരിയും നേടിയ ഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയയെ തോല്‍പിച്ചത്.   ഗോളുകള്‍ നേടിയ ശേഷമുള്ള ആഘോഷമാണ് നടപടിക്ക് കാരണമായത്. കൈകള്‍ നെഞ്ചില്‍ പിണച്ചുവച്ച് തള്ളവിരലുകള്‍ കൂട്ടിമുട്ടിച്ചായിരുന്നു ഇരുവരുടെയും ഗോള്‍ ആഘോഷം. അല്‍ബേനിയന്‍ ദേശീയ പതാകയിലെ ഇരട്ടത്തലയുള്ള കഴുകന്‍മാരെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ ചിഹ്നം. സെര്‍ബിയയില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് കൊസോവ. അതുകൊണ്ടുതന്നെ ഇവരുടെ ആഘോഷം വലിയ വിവാദമായി. ഇതിനെതിരേ സെര്‍ബിയ ഫിഫയ്ക്ക് പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, ഇരുവരുടെയും പിഴശിക്ഷയുടെ തുക തങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി കൊസോവ രംഗത്തെത്തിയത് ലോകകപ്പില്‍ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. കൊസോവ വ്യവസായ മന്ത്രി ബജ്‌റാം ഹസാനി തന്റെ ശമ്പളമായ 1500 ഡോളറും ഇതിനായി സംഭാവന ചെയ്തുകഴിഞ്ഞു. ഷാക്കിരിയും ഷാക്കെയും തന്ന സന്തോഷത്തിനൊപ്പം താന്‍ നല്‍കിയ തുകയ്ക്ക് എത്താന്‍ കഴിയില്ലെന്നാണ് ഹസാനി മാധ്യമങ്ങളോട് പറഞ്ഞത്.
കൂടാതെ, പിഴ വിധിക്കപ്പെട്ട മൂന്നു സ്വിസ് താരങ്ങളുടെയും പിഴ അടയ്ക്കാന്‍ കൊസോവ രാജ്യത്തെ ജനങ്ങള്‍ പണം സ്വരൂപിക്കാനും തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈനായി ആരംഭിച്ച ഫണ്ട് ശേഖരണം ഒരു ദിവസമാവും മുമ്പുതന്നെ 12,000 ഡോളറില്‍ എത്തിയിരുന്നു. ഫിഫ പിഴ വിധിച്ച താരങ്ങള്‍ കൊസോവ രാജ്യത്തു നിന്നു സെര്‍ബിയന്‍ ആക്രമണം കാരണം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു പലായനം ചെയ്യപ്പെട്ടവരാണ്.
Next Story

RELATED STORIES

Share it