kannur local

ഷംനയുടെ മരണത്തിന് രണ്ടാണ്ട്; നീതി ലഭിക്കാതെ പിതാവ്

മട്ടന്നൂര്‍: താന്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരുടെ കെടുകാര്യസ്ഥത കാരണം പിടഞ്ഞവസാനിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി ഉരുവച്ചാല്‍ ശിവപുരം ആയിശാസില്‍ അബൂട്ടിയുടെ മകള്‍ ഷംന തസ്‌നീമിന്റെ ദാരുണാന്ത്യത്തിന് ഇന്നേക്ക് രണ്ടാണ്ട് തികയുമ്പോള്‍ നീതിക്കായി പിതാവ് മുട്ടാത്ത വാതിലുകളില്ല. 2016 ജൂലൈ 18നായിരുന്നു അബൂട്ടിയുടെ കുടുംബത്തെ തേടി ആ ദുരന്തവാര്‍ത്തയെത്തിയത്.
ആ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ അവധി കഴിഞ്ഞ് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ തിരികെ എത്തിയതായിരുന്നു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഷംന. സാധാരണമായ ഒരു പനിക്ക് ചികില്‍സക്കായി തന്റെ അധ്യാപകരായ ഡോക്ടര്‍മാരെ സമീപിച്ചു.
മുന്‍കരുതലുകളൊന്നും ഇല്ലാതെ മാരക പ്രഹരശേഷിക്ക് സാധ്യതയുള്ള സെഫ്ട്രിയാക് സോണ്‍ കുത്തിവയ്പ് നടത്തി. ഉടനെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയായിരുന്നു. ഐസിയുവിലെത്തിക്കാനും വിദഗ്ധ ചികില്‍സ നല്‍കാനും വൈകി. തുടര്‍ചികില്‍സയ്ക്കായി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രോഗവിവരം മനസ്സിലാക്കാതെ കൊടുത്ത കുത്തിവയ്പാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകളില്‍.
മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെയും ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രഫസര്‍ ഡോ. ടി കെ സുമയുടെയും നേതൃത്വത്തില്‍ വകുപ്പുതലത്തില്‍ രണ്ട് അന്വേഷണങ്ങള്‍ നടന്നു. ചികില്‍സാരേഖകള്‍ തിരുത്തിയതായും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വീഴ്ചകള്‍ ഉണ്ടായതായും അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു.
ചികില്‍സാരേഖകള്‍ തിരുത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വരെയുള്ളവര്‍ ഉത്തരവാദികളാണെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തി. എന്നിട്ടും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനോ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് പരാതികള്‍ ബോധിപ്പിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഉദ്യോഗസ്ഥരെ പേരിന് സസ്‌പെന്‍ഡ് ചെയ്ത് തിരിച്ചെടുത്ത് കണ്ണില്‍ പൊടിയിടുകയായിരുന്നു.
ഇതിനെതിരേ കോടതിയില്‍ നല്‍കിയ ഹരജിയും എങ്ങുമെത്തിയിട്ടില്ല. എന്നെങ്കിലും നീതിയുടെ വാതില്‍ തങ്ങള്‍ക്കായി തുറക്കുമെന്ന പ്രതീക്ഷയിലാണ് അബൂട്ടിയും കുടുംബവും.
Next Story

RELATED STORIES

Share it