palakkad local

ശ്രോതാക്കളെ ഹര്‍ഷോന്മാദത്തിലാഴ്ത്തി ശ്രീവല്‍സന്‍ ജെ മേനോന്റെ ആലാപനം

പാലക്കാട്: തട്ടും തടവുമില്ലാത്ത ഒരു നദി പോലെ, കല്‍പ്പാത്തി രഥോല്‍സവത്തിന്റെ ഭാഗമായി ഡിടിപിസി സംഘടിപ്പിച്ച സംഗീതോല്‍സവത്തിന്റെ നാലാംദിനം അരങ്ങേറിയ ശ്രീവല്‍സന്‍ ജെ മേനോന്റെ കച്ചേരി ആസ്വാദകര്‍ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. ഏതാണ്ട് എല്ലാ കീര്‍ത്തനങ്ങള്‍ക്കും ശ്രീവല്‍സന്‍ ജെ മേനോന്‍ മനോധര്‍മ സ്വരമായ നിരവല്‍ പാടി. വര്‍ണ്ണങ്ങളിലെ വ്യതിരിക്തത കൊണ്ടും കീര്‍ത്തനങ്ങള്‍ തിരഞ്ഞെടുത്തതിലെ വിവേചനം കൊണ്ടും ഭംഗിയേറിയ കച്ചേരി ആരംഭിച്ചത് പന്തുവരാളിയില്‍. തുടര്‍ന്ന് കേദാര രാഗത്തില്‍ രാമാ നീ പെയ് തനകു എന്ന ത്യാഗരാജ കീര്‍ത്തനം. ഏറെ ആകര്‍ഷിച്ചത് താമരസ നയനരാമാ എന്ന അനുപല്ലവിയില്‍ ആരംഭിച്ച നിരവല്‍ സ്വരമായിരുന്നു.
ശ്രീരഞ്ജിനി രാഗത്തില്‍ ആരു ബെല്‍ഗു ഗുന്ന നീ എന്ന ത്യാഗരാജ കീര്‍ത്തനമായിരുന്നു തുടര്‍ന്ന്. യാരശോരാ ഭജന എന്നിടത്ത് നിരവല്‍ മാന്ത്രികസ്വരം പാടിയപ്പോള്‍ സദസ്സ് സ്വയം സ്വയംമറന്നിരുന്നു. ഹരികേശനെല്ലൂര്‍ മുത്തയ്യ ഭാഗവതരുടെ സുധാമയീ സുധാരതീ എന്ന കീര്‍ത്തനം അമൃതവര്‍ഷിണി രാഗത്തില്‍ ആലാപനം ചെയ്തപ്പോള്‍ മഴ പെയ്തിറങ്ങിയ കുളിമര്‍മയില്‍ സംഗീതവേദി അലിഞ്ഞു.
സരസിജാക്ഷി ജഗന്മോഹിനീ എന്നിടത്ത് നിരവലില്‍ മനോധര്‍മ്മസ്വരം. അത് കീര്‍ത്തനാലാപനത്തേക്കാള്‍ കേമമെന്ന് അനുവാചകര്‍. ലളിതരാഗത്തില്‍ ശ്യാമശാസ്ത്രികളുടെ കൃതിയായ നന്നുബ്രോവു ലളിത എന്ന കൃതിയായിരുന്നു ശേഷം. ഭക്തി ഉന്മാദമായി മാറിയ ശാസ്ത്രികളുടെ ഭജനാമൃതം സദസ്സ് ഏറ്റുവാങ്ങി.
തുടര്‍ന്നായിരുന്നു കച്ചേരിയിലെ മുഖ്യസവിശേഷതകളായ സാവേരിയും ശഹാന രാഗവുമെത്തിയത്. കല്‍പ്പാത്തിയുടെ സംഗീത പ്രതിഭയ്ക്ക് പ്രണാമമായി എം.ഡി. രാമനാഥന്റെ വേലവനേ ഉനക്ക് വേലൈ എന്നവോ ശൊല്ലൂ എന്ന കീര്‍ത്തനം ആദിതാളത്തില്‍ പതിഞ്ഞ് തുടങ്ങി നിരവല്‍ സ്വരം പാടിയപ്പോള്‍ സദസ്സ് ഉന്മാദഹര്‍ഷം കൊണ്ടു.
സാവേരി രാഗത്തില്‍ സ്വാതിതിരുന്നാളിനാല്‍ വിരചിതമായ ആഞ്ജനേ രഘുരാമദൂതാ എന്ന കൃതിയും പല്ലവയില്‍ അതിന്റെ നിരവലും പാടി. തുടര്‍ന്നൊരു തനിയാവര്‍ത്തനം. ശുരുട്ടി രാഗത്തില്‍ ജലജേ ബന്ധു നീ എന്ന കൃതിയും പാടിയ ശേഷം താനൊരു അപൂര്‍വ കൃതിയിലേക്ക് പോവുകയാണെന്ന് ശ്രീവത്സന്‍ ജെ. മേനോന്‍ പ്രഖ്യാപിച്ചു.
തുടര്‍ന്ന് ശ്രീപത്മനാഭ ദാസാ എന്ന സ്വാതി തിരുന്നാളിനെ പ്രകീര്‍ത്തിക്കുന്ന കൃതി നാടകപ്രിയ രാഗത്തില്‍ ആലാപനം ചെയ്തു. പാലക്കാടിന്റെ വേരുകളുള്ള ആ കീര്‍ത്തനത്തിനും സദസ്സ് ഏറ്റുമൂളി.
സ്വാതി തിരുന്നാള്‍ കൃതിയായ ഭജ ഭജ മാനസേ പാടി ശേഷം ഭാഗ്യതലക്ഷ്മി ബാരമ്മ പാടി കച്ചേരി സംഗ്രഹിക്കുമ്പോള്‍ അനിര്‍വചനീയമായ സംഗീതസായൂജ്യം നേടിയ അനുവാചകര്‍ ബലേഭേഷ് വിളികളുമായി ഗായകനെ അനുഗ്രഹിച്ചു.
Next Story

RELATED STORIES

Share it