ശ്രേയയുടെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ആലപ്പുഴ കൈതവനത്തെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്യാംപില്‍ പങ്കെടുക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയ വെള്ളത്തില്‍ മുങ്ങി മരിക്കാനിടയായ കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്തിമ റിപോര്‍ട്ട് റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ആലപ്പുഴ സൗത്ത് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് എത്രയും വേഗം ഏറ്റെടുക്കണമെന്ന് സിബിഐ ഡയറക്ടറോടും ഇന്‍സ്‌പെക്ടര്‍ ജനറലിനോടും നിര്‍ദേശിച്ച കോടതി നിയമപരമായി അന്വേഷണം നടത്തുന്നതിനാവശ്യമായ ഉത്തരവുകള്‍ ഉടന്‍ പുറപ്പെടുവിക്കാനും ഉത്തരവിട്ടു. ശ്രേയയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശപ്രകാരം മജിസ്‌ട്രേറ്റിന്റെ നിരീക്ഷണമോ ആഭ്യന്തര വകുപ്പ് തീരുമാനപ്രകാരം സിബിഐ അന്വേഷണമോ നടക്കാത്തത് ചോദ്യംചെയ്ത് ആലപ്പുഴ കലര്‍കോട് സ്വദേശി വേണുഗോപാലന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ആലപ്പുഴ കൃപാഭവന്‍ ലഹരിവിമോചന കേന്ദ്രത്തില്‍ വ്യക്തിത്വ വികസന ക്ലാസില്‍ പങ്കെടുക്കാെനത്തിയപ്പോഴാണ് കൈതവന ഏഴരപ്പറമ്പില്‍ ബെന്നിയുടെ മകള്‍ ശ്രേയയെ 2010 ഓക്ടോബര്‍ 17ന് പുലര്‍ച്ചെ വളപ്പിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. രാത്രി കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ശ്രേയയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലിസ് കേസ് അന്വേഷിച്ചെങ്കിലും കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൃപാഭവന്‍ അധികൃതരുടെ അശ്രദ്ധമൂലമാണ് കുട്ടി മുങ്ങിമരിക്കാനിടയായതെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇവിടെ വലിയ കുളം ഉണ്ടെന്ന മുന്നറിയിപ്പ് കുട്ടികള്‍ക്ക് നല്‍കിയിരുന്നില്ലെന്നും കുട്ടികളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ലെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഈ ഭാഗത്ത് വേണ്ടത്ര വെളിച്ചം ലഭ്യമായിരുന്നില്ല. വാച്ച്മാനെയും നിയോഗിച്ചിരുന്നില്ല. കുട്ടി മുങ്ങിമരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ ക്യാംപിന്റെ ചുമതലക്കാരായ ഫാദര്‍ മാത്തുക്കുട്ടി മൂന്നാറ്റുമുഖത്തിനും സിസ്റ്റര്‍ സ്‌നേഹയ്ക്കുമെതിരേ അശ്രദ്ധ കാട്ടിയതിന് പ്രതികളാക്കിയാണ് റിപോര്‍ട്ട് നല്‍കിയത്.

Next Story

RELATED STORIES

Share it