ശ്രുതിയുടെ ഹോമിയോപ്പതി പഠനം; സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല

എ പി വിനോദ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പി ശ്രുതിയുടെ ഹോമിയോപ്പതി പഠനം ത്രിശങ്കുവില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രുതിയെ ദത്തെടുത്തതായി പ്രഖ്യാപിച്ച് പഠനച്ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പഠനം തുടങ്ങി അഞ്ചുമാസമായിട്ടും സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയില്ല. കഴിഞ്ഞ ആഗസ്തിലാണ് ശ്രുതി ബംഗളൂരു മാഗഡി മെയിന്‍ റോഡിലെ ഗവ. ഹോമിയോ മെഡിക്കല്‍ കോളജില്‍ ബിഎച്ച്എംസിനു ചേര്‍ന്നത്. നാലരവര്‍ഷത്തെ പഠനത്തിന് അഞ്ചു ലക്ഷം രൂപയോളം ചെലവു വരും. സംസ്ഥാനത്തെ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനയാണ് ശ്രുതിക്കു ചേരാനുള്ള പണം നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ വിഷമഴ ശരീരം തളര്‍ത്തിയ ശ്രുതിയുടെ വലതുകാലില്‍ ഘടിപ്പിച്ച കൃത്രിമ കാല്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ മാറ്റിവയ്ക്കാന്‍ 60,000 രൂപ ചെലവു വരും. ശ്രുതിയുടെ ചികില്‍സയ്ക്കും പഠനത്തിനും ആവശ്യമായ തുക കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ജഗദീഷ്. മുഖ്യമന്ത്രി കനിഞ്ഞില്ലെങ്കില്‍ ശ്രുതിയുടെ പഠനം തന്നെ നിര്‍ത്തേണ്ട അവസ്ഥയിലാണെന്നും ജഗദീഷ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരന്തവാര്‍ത്തയില്‍ എന്നും നിറഞ്ഞുനിന്നിരുന്ന പെണ്‍കുട്ടിയായിരുന്നു ശ്രുതി. പത്തുവയസ്സുവരെ ശ്രുതിയുടെ വലതുകാല്‍ വളഞ്ഞനിലയിരുന്നു.എന്‍ഡോസ ള്‍ഫാന്‍ ദുരന്തത്തിന്റെ പ്രതീകമായി ലോകമെമ്പാടും ശ്രുതിയുടെ ചിത്രം പ്രചരിക്കപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലാണ് ശ്രുതിക്ക് ബിഎച്ചഎംഎസിന് അഡ്മിഷന്‍ ലഭിച്ചത്.
Next Story

RELATED STORIES

Share it