Flash News

ശ്രീവല്‍സം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ പരിശോധന: 100 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി

ശ്രീവല്‍സം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ പരിശോധന: 100 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
X


പത്തനംതിട്ട: ഇരുനൂറ് കോടി രൂപയുടെ ഉറവിടം തേടിയുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍  ശ്രീവല്‍സം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളില്‍ വന്‍ തോതില്‍ ബിനാമി നിക്ഷേപങ്ങള്‍ നടന്നതായി സൂചന. നാഗാലന്‍ഡിലെ മുന്‍ അഡീഷനല്‍ എസ്പി എം കെ ആര്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവല്‍സം സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 100 കോടിയുടെ അനധികൃത സ്വത്തു കണ്ടെത്തി. നാഗാലന്‍ഡില്‍നിന്ന് ഹവാല വഴി കേരളത്തിലേക്ക് പണം കടത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി നാഗാലന്‍ഡ് പോലീസിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചതായും സംശയിക്കുന്നു.
റെയ്ഡിനിടെ പന്തളത്തുനിന്ന് നാഗാലന്‍ഡ് പൊലീസിന്റെ വാഹനവും കണ്ടെത്തിയിരുന്നു. കേരളം, കര്‍ണാടക, നാഗാലന്‍ഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കേരളത്തില്‍നിന്നു മാത്രം 100 കോടി രൂപയുടെ അനധികൃത സ്വത്താണു കണ്ടെത്തിയത്.
2015 ഡിസംബറില്‍ ആദായനികുതിയുമായി ബന്ധപ്പെട്ട് സ്വയംപ്രഖ്യാപിക്കലിന്റെ ഒരു സ്‌കീമില്‍ 50 കോടി രൂപയുടെ സ്വത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആദായനികുതി വകുപ്പ് തുടങ്ങിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ക്കായുള്ള പോലീസ് ഫണ്ട് കേരളത്തിലേക്കെത്തിച്ച് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വകുപ്പിന്റെ പ്രഥമിക നിഗമനം.
അഞ്ച് ജ്വല്ലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വാഹനഷോറൂമുകള്‍, പണമിടപാടു സ്ഥാപനങ്ങള്‍ എന്നിവയുടെ നടത്തിപ്പുകാരണ് ശ്രീവല്‍സം ഗ്രൂപ്പ്. കോന്നി, ഹരിപ്പാട് , പന്തളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നത്. എംകെആര്‍ പിള്ളയുടെ മക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിരുന്നു. നാഗാലാന്‍ഡ് പോലീസില്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ ചേര്‍ന്ന എംകെആര്‍ പിള്ള അഡീ. എസ്പിയായാണു വിരമിച്ചത്. നാഗാലാന്‍ഡിനുള്ള കേന്ദ്രഫണ്ടില്‍ ഒരു ഭാഗം സംസ്ഥാന സര്‍വീസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രീവല്‍സം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളില്‍ നിക്ഷേപിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധനകള്‍ നടക്കുന്നത്. ഇരുനൂറു കോടിയോളം രൂപയുടെ നിക്ഷേപത്തിന്റെ യഥാര്‍ഥ ഉറവിടമാണ് ആദായനികുതി വകുപ്പ് തിരയുന്നത്.
Next Story

RELATED STORIES

Share it