Flash News

ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരേ വീണ്ടും ആക്രമണം

കൊളംബോ: മുസ്‌ലിംവിരുദ്ധ കലാപത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ വീണ്ടും മുസ്‌ലിം സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം. തലസ്ഥാനമായ കൊളംബോയില്‍ നിന്നു 130 കി.മീ അകലെ പുട്ടാലം ജില്ലയിലെ അനമാഡുവയിലാണ് മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിനു നേരെ വീണ്ടും ആക്രമണം അരങ്ങേറിയത്. പോലിസ് പട്രോളിങ് നിലനില്‍ക്കുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം. തുടര്‍ന്ന്, മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തു.
മുസ്‌ലിംവിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മൂന്നംഗ സമിതിയെ നിയോഗിച്ചതിനു പിന്നാലെയാണ് വീണ്ടൂം ആക്രമണം അരങ്ങേറിയത്.
കഴിഞ്ഞ ആഴ്ചയാണ് വിനോദസഞ്ചാര മേഖലയായ കാന്‍ഡിയില്‍ മുസ്‌ലിംകള്‍ക്കെതിരേ സിംഹള-ബുദ്ധ വിഭാഗക്കാര്‍ ആക്രമണം തുടങ്ങിയത്. ഇതു പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു.  മാര്‍ച്ച് 4ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപത്തെ തുടര്‍ന്ന് അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ അമിത് ജീവന്‍വീര സിംഗെയടക്കമുള്ള 146 പേര്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു.
അതേസമയം, രാജ്യത്ത് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടു ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ ടെലി കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി കമ്മീഷനോട് വിശദീകരണം തേടി. മുസ്‌ലിംവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ശ്രീലങ്കയിലെ കാന്‍ഡി ജില്ലയിലുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.  20 പേര്‍ക്കു പരിക്കേറ്റു. വീടുകളും സ്ഥാപനങ്ങളുമടക്കം 200ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു.
Next Story

RELATED STORIES

Share it