World

ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം തുടരുന്നു

കൊളംബോ: അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ ബുദ്ധമത അനുയായികള്‍ ആക്രമണം തുടരുന്നു. ആക്രമണത്തിനിടെ രണ്ടുപേര്‍ മരിച്ചതായും എട്ടുപേര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. പള്ളി ആക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായും കട കത്തിച്ചതില്‍ മനംനൊന്ത് മറ്റൊരാള്‍ മരിച്ചതായും പോലിസ് അറിയിച്ചു.
മുസ്‌ലിംകള്‍ക്കെതിരായ അക്രമം വ്യാപിച്ചതോടെ ചൊവ്വാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ കാന്‍ഡി ജില്ലയില്‍ ചൊവ്വാഴ്ച രാത്രി നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായതായി പോലിസ് വക്താവ് റുവാന്‍ ഗുണശേഖര അറിയിച്ചു. സംഭവത്തില്‍ മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ഏഴുപേരെ അറസ്റ്റ് ചെയ്—തതായും പോലിസ് വ്യക്തമാക്കി. അക്രമം തുടരുന്ന സാഹചര്യത്തില്‍ കാന്‍ഡിയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍  സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
കാന്‍ഡി ജില്ലയ്ക്കു സമീപമുള്ള മദവലയില്‍ ബുധനാഴ്ച രണ്ടു മുസ്‌ലിം പള്ളികളും നിരവധി വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. അക്രമം വ്യാപിക്കുന്നതു തടയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി.
സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും രാജ്യത്താകമാനം ഇന്റര്‍നെറ്റിന്റെ വേഗത കുറയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാന്‍ഡിയില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.
ഒരാഴ്ച മുമ്പാണ് കാന്‍ഡിയില്‍ സിംഹള ബുദ്ധവിഭാഗം മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം തുടങ്ങിയത്.
ഞായറാഴ്ച സംഘര്‍ഷത്തിനിടെ ബുദ്ധമത ക്കാരന്‍ കൊല്ലപ്പെട്ടു എന്നാരോപിച്ചാണ് കാന്‍ഡിയില്‍ മുസ്‌ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും എതിരേ ആക്രമണം അഴിച്ചുവിട്ടത്. മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ബുദ്ധമത സ്മാരകങ്ങള്‍ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ്  ആക്രമണങ്ങള്‍. ബുദ്ധമത അനുയായികള്‍ വര്‍ഷങ്ങളായി ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയാണ്.
അതിനിടെ, ശ്രീലങ്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാന്‍ഡി സന്ദര്‍ശിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നു ബ്രിട്ടനും യുഎസും ആവശ്യപ്പെട്ടു. യുഎന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ജെഫ്രി ഫെല്‍റ്റ്മാന്‍ വെള്ളിയാഴ്ച ശ്രീലങ്കയിലെത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ഫെല്‍റ്റ്മാന്‍ കാന്‍ഡി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു യുഎന്‍ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it