World

ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ കലാപം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിലെ മുസ്‌ലിംവിരുദ്ധ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിനു നിയോഗിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി.
മുസ്‌ലിംകള്‍ക്കെതിരായ സിംഹള- ബുദ്ധ വിഭാഗക്കാരുടെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയതായി കരുതുന്ന 10പേര്‍ക്ക് വിദേശസഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ശ്രീലങ്കന്‍ പോലിസ് അറിയിച്ചു. കലാപസംഘത്തിന്റെ നേതാവ് അമിത് ജീവന്‍വീര സിംഗെയടക്കമുള്ള 10 പേരെക്കുറിച്ചാണ് അന്വേഷിക്കുക. ഇവരെ പോലിസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കലാപത്തിനു ധനസഹായം നല്‍കിയത് ആരാണ്, അവരുടെ ഭാവിപദ്ധതികള്‍ എന്നിവ സംബന്ധിച്ച് അന്വേഷിക്കുകയാണെന്നും പോലിസ് വ്യക്തമാക്കി. പ്രാദേശിക രാഷ്ട്രീയ നേതൃത്വവുമായി അക്രമികള്‍ക്കു ബന്ധമുണ്ടോ എന്നും അന്വേഷിക്കും. 10 പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കൊളംബോയിലേക്കു കൊണ്ടുവരുമെന്നു പോലിസ് വക്താവ് റുവാന്‍ ഗുണശേഖര അറിയിച്ചു. സംഭവത്തില്‍ ഇതുവരെ 150ഓളം പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ശ്രീലങ്കയിലെ കാന്‍ഡി ജില്ലയിലുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 20പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകളുടെ വീടുകളും സ്ഥാപനങ്ങളുമടക്കം 200ഓളം കെട്ടിടങ്ങള്‍ കലാപകാരികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 11 പള്ളികളും സിംഹള ബുദ്ധ മതക്കാരായ ആള്‍ക്കൂട്ടം തകര്‍ത്തതായി പോലിസ് അറിയിച്ചു.
കലാപത്തെത്തുടര്‍ന്ന് കാന്‍ഡി ജില്ലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നലെ അവസാനിച്ചു. ജില്ലയില്‍ പോലിസിനൊപ്പം സൈന്യവും പട്രോളിങ് തുടരുന്നുണ്ട്. വീണ്ടും ആക്രമണങ്ങളുണ്ടാവുമെന്ന ഭയം നിലനില്‍ക്കെ സൈന്യത്തിന്റെ കാവലിലാണ് കാന്‍ഡിയിലെ മുസ്‌ലിംകള്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയിലെത്തിയത്.
Next Story

RELATED STORIES

Share it