ശ്രീലങ്കന്‍ അഭയാര്‍ഥികളെ പോലെ പരിഗണിക്കാനാവില്ല

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധ വംശീയ വാദികള്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ ജനതയെ ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയില്‍ നിന്നു വന്ന തമിഴ് വംശജരായ അഭയാര്‍ഥികളെപോലെ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യരെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ചോദ്യംചെയ്ത സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഇന്ത്യയിലേക്ക് അഭയാര്‍ഥികളായെത്തിയെ ശ്രീലങ്കന്‍ തമിഴരെ പോലെ റോഹിന്‍ഗ്യരെയും പരിഗണിക്കണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം മുന്‍ വാദഗതികള്‍ സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചു.
യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തുന്നത് ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാണ്. രാജ്യം ഇതിനകം തന്നെ നുഴഞ്ഞുകയറ്റക്കാരുടെയും മറ്റും ഭീഷണി നേരിടുന്നുണ്ട്. ഇതിനു പുറമെ അയല്‍രാജ്യത്തുനിന്നുള്ള ഭീകരപ്രവര്‍ത്തന ഭീഷണിയും നേരിടുന്നുണ്ട്. പരമാധികാര രാജ്യമെന്ന നിലയില്‍ അതിര്‍ത്തികള്‍ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്്. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ പരിഗണിച്ച് നിയമപ്രകാരമെടുത്ത തീരുമാനമാണിതെന്നും ഈ വിഷയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ അതിര്‍ത്തിയിലെത്തുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കുരുമുളക് സ്‌പ്രേ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അതിര്‍ത്തി രക്ഷാ സേന(ബിഎസ്എഫ് ) തടയുന്നുണ്ടെന്ന ആരോപണം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിഷേധിച്ചു.
മതിയായ യാത്രാരേഖകളില്ലാതെ വരുന്നവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്കുമാവില്ല. ഇത്തരക്കാര്‍ക്ക് ബദല്‍ അഭയാര്‍ഥി കാര്‍ഡും നല്‍കാനാവില്ല. ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് അഭയാര്‍ഥി പദവി നല്‍കിയത് ആ രാജ്യവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഇന്ത്യയും മ്യാന്‍മറും തമ്മില്‍ അത്തരത്തിലൊരു ഉടമ്പടി നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it