Flash News

ശ്രീരാമസേന സംസ്ഥാന അധ്യക്ഷനും ബംഗളൂരു സംഘവും ലക്ഷങ്ങള്‍ തട്ടി



കെ  സനൂപ്

തൃശൂര്‍: ബംഗളൂരുവിലെ പ്രവര്‍ത്തിക്കാത്ത വേദപഠന കേന്ദ്രത്തിന്റെ പേരില്‍ ശ്രീരാമസേന സംസ്ഥാന അധ്യക്ഷനും കൂട്ടാളികളും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ബംഗളൂരുവിലെ മഹാജ്യോതിസ് ആസ്‌ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലിമിറ്റഡ് കമ്പനിയുടെ എംഡി ആണെന്ന പേരില്‍ ശ്രീരാമസേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുര്‍ജിത്ത് കെ ബാലനും സുഹൃത്തുക്കളും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണു പരാതി. തട്ടിപ്പിനിരയായ തൃശൂര്‍ മൈലിപ്പാടത്ത് മള്‍ട്ടിമീഡിയ സ്ഥാപനം നടത്തുന്ന സുഭദ്രാ ശൂലപാണിയാണ് ഇതുസംബന്ധിച്ച് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നവംബര്‍ 4നു പരാതി നല്‍കിയത്.  ആളുകളില്‍നിന്നു നിക്ഷേപരൂപേണ പണംതട്ടാന്‍ വേണ്ടി നടത്തുന്ന കമ്പനി മാത്രമാണിതെന്നും സുഭദ്ര പറയുന്നു. വാര്‍ഷിക ഓഡിറ്റ് പോലും നടത്താത്ത സ്ഥാപനത്തിന്റെ ബംഗളൂരുവിലെ ഓഫിസ് പോലും പ്രവര്‍ത്തിക്കുന്നില്ല. തട്ടിപ്പിനിരയായവര്‍ കേരളത്തില്‍ നിരവധിയുണ്ട്. പരാതി നല്‍കുന്നവരെ ശ്രീരാമസേനയുമായി ബന്ധമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു.ബംഗളൂരു ആസ്ഥാനമായുള്ള മഹാജ്യോതിസ് ആസ്‌ട്രോ ആന്റ്് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലിമിറ്റഡ് സ്ഥാപനത്തിന്റെ എംഡിയെന്നു പറഞ്ഞ് പെരിഞ്ചേരി സ്വദേശി സുര്‍ജിത്ത് കെ ബാലനും സ്ഥാപനത്തിന്റെ സിഇഒ ആണെന്നു പറഞ്ഞ് കൊടകര സ്വദേശി സൂര്യനാരായണനും ചേര്‍ന്ന് 25 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.2017 ഡിസംബറില്‍ മടക്കിനല്‍കാമെന്ന വ്യവസ്ഥയില്‍ 25 ലക്ഷം പ്രിഫറന്‍സ് ഷെയര്‍ ആയാണ് 2014 ഡിസംബറില്‍ കമ്പനിയില്‍ തുക നിക്ഷേപിച്ചത്. വെബ് പോര്‍ട്ടല്‍ ഉള്‍െപ്പടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനാണ് ധനസമാഹരണമെന്നും കമ്പനിയുടെ ഡയറക്ടര്‍സ്ഥാനം നല്‍കാമെന്നും എല്ലാ വര്‍ഷവും 15 ശതമാനം ലാഭവിഹിതം നല്‍കുമെന്നും ഇരുവരും അറിയിച്ചിരുന്നു. എന്നാല്‍, പണം തിരിച്ചുതരാതെ കൂടുതല്‍ പണം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കമ്പനി പൂട്ടേണ്ടിവരുമെന്നും പറഞ്ഞു. എന്നാല്‍, കമ്പനിയുടെ പേരില്‍ വാങ്ങിയ പണം സുര്‍ജിത്തും ശ്രീകുമാറും ചേര്‍ന്ന് പങ്കിട്ടെടുത്തെന്നും വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തിഭീഷണിയിലാണെന്നും സുഭദ്ര പരാതിയില്‍ പറയുന്നു. ബംഗളൂരുവില്‍ കമ്പനി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതോെട സുര്‍ജിത്ത് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.  ശ്രീരാമസേനയുടെ സംസ്ഥാന നേതാവായ സുര്‍ജിത്തിനു പിന്നില്‍ എന്തിനും തയ്യാറായ സായുധസംഘം പ്രവര്‍ത്തിക്കുന്നതായും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സുര്‍ജിത്ത്, സൂര്യനാരായണന്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സുഭദ്ര  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it