Districts

ശ്രീരാമസേന മുന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അറസ്റ്റില്‍

ശ്രീരാമസേന മുന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അറസ്റ്റില്‍
X
കെ സനൂപ്

തൃശൂര്‍: പ്രവര്‍ത്തനരഹിതമായ ബംഗളൂരിലെ വേദപഠന കേന്ദ്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് കബളിപ്പിച്ച സംഭവത്തില്‍ ശ്രീരാമസേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായിരുന്ന സുര്‍ജിത് കെ ബാലനെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സിഐ കെ സി സേതുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് പെരിഞ്ചേരി മഠം ക്ഷേത്രത്തിന് സമീപം കടലാശ്ശേരി വീട്ടില്‍ സുര്‍ജിത്തിനെ അറസ്റ്റ് ചെയ്തത്.


സുര്‍ജിത്തിന്റെ പേരിലുള്ള മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കളുടെ കൈയില്‍ കൊടുത്ത് പോലിസിന്റെ ശ്രദ്ധതിരിച്ച് വിവിധ സ്ഥലങ്ങളില്‍ മറ്റ് ഫോണുകള്‍ ഉപയോഗിച്ച് സുര്‍ജിത്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പോലിസ് പറയുന്നു. അതിനാല്‍ തൃശൂര്‍ ടൗണിനടുത്താണു പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ സുര്‍ജിത്തിനെ റിമാന്‍ഡ് ചെയ്തു.
ബംഗളൂരുവിലെ മഹാജ്യോതിസ് ആസ്‌ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലിമിറ്റഡ് കമ്പനിയുടെ എം ഡി ആണെന്ന പേരി ല്‍ ശ്രീരാമസേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുര്‍ജിത് കെ ബാലനും സുഹൃത്തുക്കളും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം തേജസ് ദിനപത്രമാണു കഴിഞ്ഞ നവംബര്‍ 10ന് പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് സംസ്ഥാന വര്‍ക്കിങ്് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സുര്‍ജിത് കെ ബാലനെ ശ്രീരാമസേന പുറത്താക്കിയിരുന്നു. പോലിസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാല്‍ തട്ടിപ്പിനിരയായ തൃശൂര്‍ മൈലിപ്പാടത്ത് മള്‍ട്ടി മീഡിയ സ്ഥാപനം നടത്തുന്ന സുഭദ്രാ ശൂലപാണി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു. വേദ പഠന ഗവേഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പോര്‍ട്ടല്‍ തുടങ്ങാനും പ്രവര്‍ത്തനം വിപുലീകരിക്കാനുമെന്ന വ്യാജേനയാണ് നിക്ഷേപ രൂപത്തില്‍ ലക്ഷങ്ങള്‍ തട്ടിയത്.
സുഭദ്രാ ശൂലപാണി ഇതു സംബന്ധിച്ച് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നവംബര്‍ നാലിനു പരാതിനല്‍കിയിരുന്നു. സുര്‍ജിത്തിന്റെ സുഹൃത്ത് സൂര്യനാരായണന്റെ പേരിലും തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പോലിസിന്റെ ഭാഷ്യം. തൃശൂര്‍ ഈസ്റ്റ് എസ്‌ഐ സേതുമാധവനാണ് കേസന്വേഷണം നടത്തുന്നത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനജാഗ്രതാ വേദിയുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ കെ വേണുവുള്‍െപ്പടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ പങ്കെടുത്തിരുന്നു. കേസ് മന്ത്രി വി എസ് സുനില്‍കുമാറിന്റെയും എസിപി വാഹിദിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് സുഭദ്രാ ശൂലപാണി പറഞ്ഞു.
Next Story

RELATED STORIES

Share it