Flash News

ശ്രീരാമസേനാ നേതാവിനെ വിളിപ്പിച്ചു ശ്രീരാമസേനാ നേതാവിനെ വിളിപ്പിച്ചു

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യാന്‍ ശ്രീരാമസേന വിജയപുര ജില്ലാ അധ്യക്ഷന്‍ രാകേഷ് മത്തിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) വിളിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരശുറാം വാഗ്മറെയാണ് ഗൗരിയെ വെടിവച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ശ്രീരാമസേനാ പ്രവര്‍ത്തകനായ ഇയാള്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന സദാചാര ഗുണ്ടായിസത്തില്‍ പങ്കാളിയാണ്. ഗൗരിയുടെ കൊലപാതകത്തില്‍ രാകേഷിന് പങ്കാളിത്തമുണ്ടോ അതോ വാഗ്മറെയെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത് കൃത്യത്തിനു പ്രേരിപ്പിച്ചത് അയാളാണോ എന്നാണ് അന്വേഷണസംഘത്തിന് അറിയേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2012 ജനുവരിയില്‍ വിജയപുര ജില്ലയില്‍ തഹ്‌സില്‍ദാര്‍ ഓഫിസില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത് രാകേഷും വാഗ്മറെയുമായിരുന്നു. മംഗളൂരു അടക്കം കര്‍ണാടകയിലെ കടലോര മേഖലകളില്‍ രാകേഷിന് നല്ല അടിത്തറയുണ്ടെന്ന് എസ്‌ഐടി സംശയിക്കുന്നുണ്ട്. എന്നാല്‍, ശ്രീരാമസേനയുടെ സ്ഥാപകന്‍ പ്രമോദ് മുത്താലിക്ക് വാഗ്മറെയെ തള്ളിപ്പറയുകയാണ്. ശ്രീരാമസേനയുമായി വാഗ്മറെയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുത്താലിക്ക് പറയുന്നത്. വാഗ്മറെ ആര്‍എസ്എസ് അംഗമാണെന്ന് മുത്താലിക്ക് പറഞ്ഞു. ആര്‍എസ്എസ് യൂനിഫോം ധരിച്ച വാഗ്മറെയുടെ ചിത്രം താന്‍ പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രാകേഷ് മത്ത് ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റാണെന്ന് മുത്താലിക്ക് സമ്മതിച്ചു.
Next Story

RELATED STORIES

Share it