ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസ്; റിപോര്‍ട്ട് രാജകുടുംബത്തെ സഹായിക്കുന്നതെന്ന്

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്‍ ഭരണസമിതി അധ്യക്ഷ ജില്ലാ ജഡ്ജി കെ പി ഇന്ദിര കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് കേസിലെ എതിര്‍കക്ഷിയായ രാജകുടുംബത്തെ സഹായിക്കുന്നതാണെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം. ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എന്‍ സതീഷാണ് ഇന്നലെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തനിക്കെതിരേ ഇന്ദിര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസിലെ എതിര്‍കക്ഷിയായ രാജകുടുംബത്തെ സഹായിക്കുന്നതിനുള്ള റിപോര്‍ട്ടാണ് സ്ഥാനമൊഴിയുന്നതിനു മുമ്പ് അവര്‍ സമര്‍പ്പിച്ചതെന്നും സതീഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കെ എന്‍ സതീഷ് നടത്തിയ ചില നിയമനങ്ങളില്‍ ഭരണസമിതിക്ക് പങ്കില്ലെന്നായിരുന്നു കെ പി ഇന്ദിര സമര്‍പ്പിച്ച റിപോ ര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. നിയമനങ്ങള്‍ ചോദ്യംചെയ്ത് ക്ഷേത്ര ട്രസ്റ്റിയായ മൂലം തിരുന്നാള്‍ രാമവര്‍മ സമര്‍പ്പിച്ച ഹരജിയിലാണ് ഭരണസമിതി അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. സീനിയര്‍ ഫിനാന്‍സ് ഓഫിസ ര്‍, അസിസ്റ്റന്റ് എസ്‌റ്റേറ്റ് ഓഫിസര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എന്നീ നിയമനങ്ങള്‍ ഭരണസമിതിയുടെ അറിവോടെയല്ലെന്നായിരുന്നു കെ പി ഇന്ദിര വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് സതീഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഭരണസമിതി അധ്യക്ഷയുടെ നേതൃത്വത്തില്‍ 2014 ജൂണ്‍ ആറിന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് സതീഷ് വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ ഭൂമിയും മറ്റും പരിശോധിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനാണ് എസ്‌റ്റേറ്റ് ഓഫിസറെ നിയമിച്ചത്. ഇതിനും ഭരണസമിതിയുടെ അംഗീകാരമുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഒരു ജൂനിയര്‍ ക്ലാര്‍ക്കിനാണ് പി. ആര്‍.ഒയുടെ ചുമതല നല്‍കിയിട്ടുള്ളത്. ഇത് അധികനിയമനമല്ലെന്നും സതീഷ് വ്യക്തമാക്കി. കേസ് 18നു പരിഗണിക്കും.
Next Story

RELATED STORIES

Share it