Editorial

ശ്രീനാരായണ ധര്‍മം മറന്ന് എസ്എന്‍ഡിപി

1899ല്‍ നിലവില്‍ വന്ന അരുവിപ്പുറം ക്ഷേത്രയോഗം അതിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 1903 മെയ് 15നാണ് ശ്രീനാരായണഗുരു ധര്‍മപരിപാലന സംഘമായി പേരുമാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീനാരായണഗുരു തന്നെയായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി കുമാരനാശാനും. അയിത്തസംസ്‌കാരം വിപാടനം ചെയ്യുന്നതിനും ഈഴവരുടെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള ഈഴവരുടെ തന്നെ ഒരു ജാതിസംഘടനയായിട്ടാണ് അതിന്റെ തുടക്കമെങ്കിലും യോഗത്തെ ഒരു ജാതിമതാതീത സംഘടനയായി വളര്‍ത്തിക്കൊണ്ടുവരുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. തുടക്കത്തില്‍ ഗുരുവിന്റെ നേതൃത്വത്തില്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നെങ്കിലും സഹനേതാക്കളില്‍ പലരും അവസരോചിതമായി ഉയര്‍ന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്തതുമൂലം സംഘടനയും ഗുരുവും തമ്മില്‍ അകലാന്‍ തുടങ്ങി. 1916 മെയ് 22ന് നാരായണഗുരു എസ്എന്‍ഡിപി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ച് ഡോ. പല്‍പ്പുവിന് കത്തെഴുതി.
എങ്കിലും, സമാധിയാവുന്നതിന്റെ ഒരുവര്‍ഷം മുമ്പ് കോട്ടയത്തു നടന്ന യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗത്തില്‍ ശ്രീനാരായണഗുരു പങ്കെടുത്തിരുന്നു. ഇതു സൂചിപ്പിക്കുന്നത് ചില്ലറ പൊരുത്തക്കേടുകള്‍ ഉണ്ടായിരുെന്നങ്കിലും സംഘവുമായി ഇണങ്ങിപ്പോവാന്‍ തന്നെയായിരുന്നു ഗുരുവിന്റെ താല്‍പ്പര്യമെന്നാണ്.
ഡോ. പല്‍പ്പുവിന്റെ ഈഴവ മെമ്മോറിയലിന്റെയും മലയാളി മെമ്മോറിയലിന്റെയും ഊര്‍ജം സ്വീകരിച്ചുകൊണ്ടായിരുന്നു എസ്എന്‍ഡിപിയുടെ പ്രയാണം. 1928ല്‍ ടി കെ മാധവന്റെയും 1933ല്‍ സി കേശവന്റെയും നേതൃത്വത്തില്‍ യോഗം കിടയറ്റ ഈഴവ സാമുദായിക സംഘടനയായി വളര്‍ച്ചപ്രാപിച്ചു. 1933ല്‍ ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ ചേര്‍ന്നു നടത്തിയ നിവര്‍ത്തനപ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് അവര്‍ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതും ഈഴവ, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ സംവരണം നിയമമായതും.
മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനുമടക്കമുള്ള മഹാന്മാരുടെ നേതൃത്വത്തില്‍ യോഗം നടത്തിയ പുരോഗമനപ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്ക് വിസ്മരിക്കാന്‍ പറ്റാത്തതാണ്. എല്ലാ പുരോഗതിയുടെയും അടിസ്ഥാനതത്ത്വം വിദ്യാഭ്യാസപരമായ ഉന്നമനമാണെന്നു തിരിച്ചറിഞ്ഞ സംഘം ഈ രംഗത്ത് നടത്തിയ പ്രക്ഷോഭങ്ങളും കര്‍മപരിപാടികളും വലിയ ചലനങ്ങളാണ് സമൂഹത്തിനകത്ത് സൃഷ്ടിച്ചത്.അതിനാല്‍, വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ ധര്‍മപരിപാലന സംഘം അതിന്റെ ചരിത്രത്തോട് തെല്ലും കൂറുപുലര്‍ത്തുന്നില്ല. സവര്‍ണ മേലാളന്‍മാരുടെ അധീശത്വത്തിനുമേല്‍ ഇടിമുഴക്കമായി അവതരിച്ച സംഘത്തെ സവര്‍ണരുടെ തന്നെ ആലയില്‍ കെട്ടാനുള്ള ശ്രമമാണു നടക്കുന്നത്.
വര്‍ഗീയതയും ജാതീയതയും അന്യമത ഭര്‍ത്സനവും അടിസ്ഥാനമാക്കിയ ശക്തികളോട് സന്ധിചെയ്യുന്ന അഭിനവ എസ്എന്‍ഡിപി നേതൃത്വം, ശ്രീനാരായണഗുരുവിന്റെ ധര്‍മപരിപാലന യോഗത്തിന്റെ സമീപത്തുപോലും ചെല്ലാന്‍ ധാര്‍മികമായി അവകാശമില്ലാത്ത നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയവരുമായിട്ടാണ് ചങ്ങാത്തം സ്ഥാപിക്കുന്നത്. ഗുരുദര്‍ശനത്തോട് സംഘം കാണിക്കുന്ന കൊടുംപാപമാണിത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി 1996ലാണ് അബ്കാരി കോണ്‍ട്രാക്ടറായിരുന്ന വെള്ളാപ്പള്ളി നടേശന്‍ സ്ഥാനമേല്‍ക്കുന്നത്. നാരായണഗുരുവിന്റെ പൂര്‍ണകായ ചിത്രത്തിനു മുമ്പില്‍ വിളക്കു കത്തിച്ചുവച്ച് മദ്യക്കച്ചവടം നടത്തുന്ന മാന്യന്‍മാരുടെ നേതൃത്വമായി ശ്രീനാരായണ ധര്‍മപരിപാലന സംഘം മാറിയതിനു പിന്നില്‍ വെള്ളാപ്പള്ളി തന്നെയാണ്.
Next Story

RELATED STORIES

Share it