ശ്രീനഗര്‍ എന്‍ഐടി: പ്രക്ഷോഭകര്‍ക്കെതിരേ കശ്മീര്‍ വിദ്യാര്‍ഥികള്‍

ശ്രീനഗര്‍: ശ്രീനഗര്‍ എന്‍ഐടിയില്‍ പ്രക്ഷോഭം നടത്തുന്ന കശ്മീരികളല്ലാത്ത വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കെതിരേ കശ്മീരി വിദ്യാര്‍ഥികള്‍ രംഗത്ത്. കാംപസില്‍ സ്ഥിരമായി കേന്ദ്ര സുരക്ഷാ സേനയെ നിയമിക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം അസ്വാസ്ഥ്യം വര്‍ധിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിനു സമര്‍പ്പിച്ച നിവേദനത്തിലാണ് എന്‍ഐടിയിലെ കശ്മീരി വിദ്യാര്‍ഥികള്‍ ഇക്കാര്യം സൂചിപ്പിച്ചത്.
കശ്മീരിന്റെ സ്‌ഫോടനാത്മക സാഹചര്യത്തെക്കുറിച്ചു തങ്ങള്‍ക്കറിയാം. കേന്ദ്ര സേനയുടേയും സായുധ സേനയുടെയും സാന്നിധ്യം കാംപസില്‍ പകയും ഭയവും മാത്രമാണു ജനിപ്പിക്കുക- നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 2008ലും 2010ലും സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭം നടന്നപ്പോള്‍ കശ്മീരിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. കശ്മീരികളല്ലാത്ത വിദ്യാര്‍ഥികളെ അധ്യാപകര്‍ പീഡിപ്പിക്കുന്നു വെന്ന പരാതി അവരെയും കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തെയും അപമാനിക്കുന്നതാണ് -അവര്‍ പറഞ്ഞു. കോളജില്‍ വിദ്യാര്‍ഥി കൗണ്‍സിലുകളും യൂനിയനുകളും രൂപീകരിച്ചതാണ് രാഷ്ട്രീയം കടന്നുവരാനും വിഭാഗീയത കൂടാനും ഇടയാക്കിയത്. ശ്രീനഗര്‍ എന്‍ഐടി വിദ്യാര്‍ഥികളില്‍ സുദൃഢമായ സാമൂഹിക ബന്ധമാണുള്ളതെന്നും പ്രാദേശിക വിദ്യാര്‍ഥികള്‍ പുറമെ നിന്നുള്ളവരെ നല്ല അതിഥികളായി കാണുന്നവരാണെന്നും നിവേദനത്തില്‍ പറഞ്ഞു.
അതിനിടെ തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കശ്മീരികളല്ലാത്ത വിദ്യാര്‍ഥികള്‍ ഇന്നലെയും കോളജില്‍ മാര്‍ച്ച് നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ന്യൂഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ശ്രീനഗര്‍ എന്‍ഐടി പ്രശ്‌നം ചര്‍ച്ചചെയ്തു.
Next Story

RELATED STORIES

Share it