ശ്രീധരനെ പുറത്താക്കിയത് നിര്‍ഭാഗ്യകരം: ഉമ്മന്‍ചാണ്ടി

കോട്ടയം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍നിന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി.
കരാറിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ ഡിഎംആര്‍സി പുറത്തുപോയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ച് പറഞ്ഞത്. കാലാവധി തീരുന്നതിന് മുമ്പ് സര്‍ക്കാര്‍ കരാര്‍ പുതുക്കി നല്‍കിയില്ല. അതിനെയാണ് പുറത്താക്കലെന്ന് പറയുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ലൈറ്റ് മെട്രോ പദ്ധതിക്ക് രൂപംകൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതിയോട് താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കേരളത്തിന്റെ പദ്ധതി പ്രവര്‍ത്തന മികവ് വിലയിരുത്തിയശേഷം അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
അതുകൊണ്ടുതന്നെ കേരളത്തിന്റെ വികസന കുതിപ്പിനേറ്റ കനത്ത പ്രഹരമാണ് ശ്രീധരനെ ഒഴിവാക്കല്‍. ശ്രീധരന്റെ നേതൃത്വവും വ്യക്തിപരമായ ഇടപെടലുമാണ് കൊച്ചി മെട്രോ നാലു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനായത്. അങ്ങനെയുള്ള ശ്രീധരനെ ഇത്തരത്തില്‍ അപമാനിച്ചുവിടണമായിരുന്നോയെന്നു ചിന്തിക്കണം. അദ്ദേഹം വലിഞ്ഞുകയറിവന്നതല്ല, ക്ഷണിച്ചിട്ടാണ് പദ്ധതി ഏറ്റെടുത്തത്. ഡിഎംആര്‍സിയുടെ പ്രവര്‍ത്തനങ്ങ ള്‍ തടസ്സപ്പെടുമെന്നതിനാ ല്‍ ശ്രീധരനെ വിട്ടുനല്‍കാനാവില്ലെന്ന് അറിയിച്ചിട്ടും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് ലൈറ്റ് മെട്രോയുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊച്ചി മെട്രോ പൂര്‍ണതോതില്‍ കമ്മീഷന്‍ ചെയ്‌തെങ്കില്‍ മാത്രമേ ലാഭകരമാക്കാനാവൂ. ടിക്കറ്റ് നിരക്കുകൊണ്ടു മാത്രം കൊച്ചി മെട്രോ ലാഭത്തിലാവില്ല. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തണം. അതിനൊന്നും നടപടി സ്വീകരിക്കാതെ മെട്രോ ലാഭത്തിലല്ലെന്ന് കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it