ശ്രീധരനെയും ഡിഎംആര്‍സിയെയും മടക്കിവിളിക്കണം

തിരുവനന്തപരും: ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കണമെന്നാണ് തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരെ താല്‍പര്യം കാണിക്കാതിരുന്ന സാഹചര്യത്തില്‍ വേദനയോടെയാണ് താന്‍ പിന്മാറുന്നതെന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീധരന്‍ വ്യക്തമാക്കി. ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലിക്ക് വേദനയോടെ പിറന്ന മണ്ണിലെ ഒരു പദ്ധതിയില്‍നിന്ന്, അത് ഏതു സാഹചര്യത്തിലായാലും പിന്മാറേണ്ടിവരുന്നത് കേരളീയര്‍ക്കാകെ അപമാനമാണെന്നു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
തൊട്ടതെല്ലാം പൊന്നാക്കിയ ഈ അപൂര്‍വ പ്രതിഭയെ സ്വന്തം മണ്ണില്‍ സ്വന്തം നാട്ടുകാര്‍ തന്നെ പരാജയപ്പെടുത്തുന്നത് ദുഃഖകരമാണ്.
മാസങ്ങളോളം കാത്തിരുന്ന ശേഷമാണ് അദ്ദേഹം പിന്‍വാങ്ങുന്നത്. മാസം 16 ലക്ഷം രൂപ ഡിഎംആര്‍സിക്ക് നഷ്ടപ്പെടുത്തിക്കൊണ്ട് വെറുതെയിരിക്കാന്‍ കഴിയില്ലെന്ന അദ്ദേഹത്തിന്റെ വാദം മാനിക്കപ്പെടേണ്ടതാണ്. ഡിഎംആര്‍സി പിന്‍വാങ്ങിയതോടെ ആഗോള ടെന്‍ഡര്‍ വിളിച്ച് ലൈറ്റ് മെട്രോ പണി നടത്താമെന്നാണ് പറയുന്നത്.
ആഗോള ടെന്‍ഡര്‍ എന്ന് കേള്‍ക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും അതിന്റെ പിന്നില്‍ കമ്മീഷന്‍ എന്നൊരു കാര്യം കൂടി ഉണ്ടെന്നത് മറക്കരുത്. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉപയോഗിച്ച് ലൈറ്റ് മെട്രോയുടെ പണി പദ്ധതി നടത്താമെന്ന വാദവും അപ്രായോഗ്യമാണ്. കാരണം, ഇന്ത്യയില്‍ ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഡിഎംആര്‍സിക്ക് മാത്രമേ ഉള്ളൂ.
ഡിഎംആര്‍സിയെയും ശ്രീധരനെയും പിണക്കിവിടുന്നത് തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ പണി അനന്തമായി നീളാനോ എന്നന്നേക്കുമായ സ്വപ്‌നം അസ്തമിക്കാനോ ആണ് കാരണമാക്കുകയെന്നും കത്തില്‍ പറയുന്നു. ശ്രീധരനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കൊച്ചിയില്‍ മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രി.
ശ്രീധരനെ ഓടിക്കാനുള്ള തല്‍പരകക്ഷികളുടെ കരുനീക്കത്തെ ചെറുത്തുതോല്‍പിക്കാനുള്ള ബാധ്യതയും മുഖ്യമന്ത്രിക്കുണ്ട്. ശ്രീധരനെ മടക്കിവിളിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹത്തിന്റെ സേവനം കേരളത്തിന് നഷ്ടപ്പെടുത്തുന്ന സാഹചര്യം മുഖ്യമന്ത്രി ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞാണ് ചെന്നിത്തല കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it