ശ്രീജിത്ത് അടക്കം അറസ്റ്റിലായവര്‍ക്കെതിരേ തെളിവില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍

കൊച്ചി: വരാപ്പുഴയില്‍ വീടാക്രമണത്തെ തുടര്‍ന്ന്   വാസുദേവന്‍ മരിച്ച സംഭവത്തില്‍ പോലിസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്ത് അടക്കം അറസ്റ്റു ചെയ്തവര്‍ക്കെതിരേ തെളിവില്ലെന്ന് കണ്ടെത്തി അന്വേഷണ സംഘം കോടതിയില്‍ റിപോര്‍ട്ട്് സമര്‍പ്പിച്ചു. പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി  ജാമ്യം അനുവദിച്ചു.
പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട എസ് ആര്‍ ശ്രീജിത്ത് അടക്കം പത്തുപ്രതികള്‍ക്കെതിരേ ചുമത്തിയിരുന്ന ആത്മഹത്യാ പ്രേരണകുറ്റമാണു പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയത്. എന്നാല്‍, കേസില്‍ ഭവനഭേദനം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കും. വീടാക്രമണ കേസിലെ ശേഷിക്കുന്ന ഒമ്പതു പ്രതികള്‍ക്കും ജില്ലാ സെഷന്‍സ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. ദേവസ്വംപാടം സ്വദേശികളായ തുണ്ടിപറമ്പില്‍ വിനു വിജയന്‍(28), സൂര്യന്‍പറമ്പില്‍ വിനു ഗോപി(25), അപ്പിച്ചിന്‍ മല്ലംപറമ്പില്‍ ശരത് ശശി(22), ചെട്ടിഭാഗം ഭഗവതിപറമ്പില്‍ ശ്രീക്കുട്ടന്‍ വിജയന്‍(31), ദേവസ്വംപാടം തൈക്കാട്ട്പറമ്പില്‍ സുധി ചന്ദ്രന്‍(26), മുളക്കാരന്‍പറമ്പില്‍ വിനു ശ്രീനിവാസന്‍(28), സേനായ് പറമ്പ് സജിത്ത് രാമകൃഷ്ണന്‍(25), ഗോപന്‍ ഗോവിന്ദന്‍ ഗോപി(34), ചുള്ളിക്കാട്ട്പറമ്പില്‍ നിതന്‍ ശശി(25) എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്.
വാസുദേവന്റെ ആത്മഹത്യയില്‍ ഇവര്‍ക്കു പങ്കുണ്ടെന്നു തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു ആത്മഹത്യാ പ്രേരണക്കുറ്റം ഒഴിവാക്കി അന്വേഷണ സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചത്. വീടാക്രമണം തന്നെയാണോ വാസുദേവനെ തൂങ്ങി മരിക്കാന്‍ പ്രേരിപ്പിച്ചതെന്നതിനും തെളിവില്ല.
കേസിലെ ഒന്നും രണ്ടും മൂന്നും ആറും പ്രതികളായ വിബിന്‍, വിഞ്ചു, തുളസിദാസ്, അജിത്ത് എന്നിവരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണം പൂര്‍ണമായി പാളിയെന്നത് വ്യക്തമായിരിക്കുകയാണ്. കേസന്വേഷിച്ചിരുന്ന പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ജി എസ് ദീപക് എന്നിവര്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ്. ദീപക്കിനെ ഇന്നലെ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it